-
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്സിനോസിന്റെ ജീവിതം, ദര്‍ശനം, സാക്ഷ്യം എന്നിവയെ പ്രതിപാദിക്കുന്ന 'പ്രകാശകിരണങ്ങള്‍' എന്ന പുസ്തകം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സഭയുടെ ആസ്ഥാനമായ തിരുവല്ലായിലെ പൂലാത്തിനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പ്രകാശനം ചെയ്തു.
ബിഷപ്പ് ഡോ. മാര്‍ ഫിലക്സിനോസിന്റെ ജീവിതത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ ജാലകം തുറക്കുന്ന ആത്മീയ പ്രഭാഷണങ്ങള്‍, ദര്‍ശനങ്ങള്‍, സഹപ്രവര്‍ത്തകരുടെ ജീവസാക്ഷ്യങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി, തന്റെ ജീവിതത്തെ വെളിച്ചത്തിന്റെ പര്യായമാക്കികൊണ്ട് എഴുപതു സംവത്സരങ്ങള്‍ പിന്നിടുന്ന ബിഷപ്പിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മലയാള മനോരമയുടെ അസിസ്റ്റന്റ് എഡിറ്ററും ആയ ഡോ.പോള്‍ മണലില്‍ ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.
പ്രകാശന ചടങ്ങില്‍ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ്പ, ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ, സഭാ സെക്രട്ടറി കെ.ജി.ജോസഫ്, ഡോ.പോള്‍ മണലില്‍, രാജ് ഏലിയാസ് വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മൗലികമായ ജീവിതദര്‍ശനത്തിലൂടെ ക്രൈസ്തവസാക്ഷ്യം നിര്‍വഹിക്കുന്ന ഡോ.ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നിശബ്ദസേവനങ്ങളുടെ സ്പന്ദനങ്ങള്‍ ഈ പുസ്തകത്തിലുടനീളം നിറഞ്ഞുനില്ക്കുന്നുവെന്ന് പ്രകാശന ചടങ്ങില്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെളിച്ചം വാരി വിതറിയ ഒരു ആധ്യാത്മിക തേജസ് ആയ ബിഷപ്പ് ഡോ.മാര്‍ ഫിലക്സിനോസിന്റെ സപ്തതിവേളയില്‍ അദ്ദേഹത്തിനു സമര്‍പ്പിക്കുന്ന ഒരു എളിയ ഉപകാരമാണ് ഈ പുസ്തകം എന്ന് പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയായ ഡോ.പോള്‍ മണലില്‍ പറഞ്ഞു. റവ.ജോര്‍ജ് എബ്രഹാം കല്ലൂപ്പാറ, റവ.രാജ് ഏലിയാസ് വര്‍ഗീസ് എന്നിവര്‍ ഈ ഉദ്യമത്തില്‍ അദ്ദേഹത്തെ സഹായിച്ചു. ക്രൈസ്തവ സാഹിത്യ സമിതി (സിഎസ് എസ്) തിരുവല്ലയാണ് പുസ്തകം വിതരണം ചെയ്യുന്നത്.
വാര്‍ത്തയും ഫോട്ടോയും : ഷാജീ രാമപുരം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..