-
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ജൊബൈഡന് 2024 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക പത്രസമ്മേളത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ബൈഡന് തന്റെ താല്പര്യം പരസ്യമായി പ്രകടിപ്പിച്ചത്.
താന്‍ പ്രസിഡന്റായി മത്സരിക്കുകയാണെങ്കില്‍ കമലാഹാരിസ് തന്നെയായിരിക്കും തന്റെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. കമലഹാരിസ് തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും അവര്‍ നല്ലൊരു കൂട്ടാളിയാണെന്നും ബൈഡന് പറഞ്ഞു.
വൈറ്റ് ഹൗസ് ഈസ്റ്റ് റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയുന്നതില്‍ ബൈഡന് വിജയിച്ചു.
ഭരണത്തിന്റെ നൂറാം ദിവസം പൂര്‍ത്തീകരിക്കുമ്പോള്‍ 200 മില്യണ്‍ കോവിഡ് വാക്സിന് നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബൈഡന് പറഞ്ഞു. അഭയാര്‍ത്ഥി പ്രവാഹത്തെക്കുറിച്ചായിരുന്നു കൂടുതല്‍ ചോദ്യങ്ങളും ബൈഡന് നേരിടേണ്ടിവന്നത്.
സതേണ്‍ ബോര്ഡറില് മാതാപിതാക്കളില്ലാതെ അമേരിക്കയിലെത്തിയ 16513 കുട്ടികള്‍ മാര്‍ച്ച് 24 ന് ബുധനാഴ്ചവരെ ഗവണ്മെന്റ് കസ്റ്റഡിയിലുണ്ടെന്ന് ബൈഡന് വെളിപ്പെടുത്തി. മാത്രമല്ല അതിര്‍ത്തി കടന്നെത്തിയ നിരവധി കുട്ടികള്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ഐസൊലേഷനിലാണെന്നും പ്രസിഡന്റ് പറഞ്ഞു. മെക്സിക്കോയില്‍ നിന്നും കുട്ടികള്‍ മാതാപിതാക്കളുമായി എത്തിചേര്‍ന്നിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചയക്കുമെന്നും ബൈഡന് സൂചന നല്കി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..