-
മസ്കിറ്റ് (ഡാലസ്): അമേരിക്കയിലെ ഡാലസില്‍ വെടിവെയ്പില്‍ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന മലയാളിയായ സാജന് മാത്യൂസ് (56, സജി) ആണ് കൊല്ലപ്പെട്ടത്.
ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന് മാത്യൂസ് 2005 ല്‍ കുവൈത്തില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
മസ്കിറ്റില്‍ ഈയിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്.
രാത്രി വൈകീട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സാജന്റെ മരണം ഡാലസിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി നിരവധി മലയാളികള്‍ എത്തിക്കൊണ്ടിരിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..