-
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ നടന്ന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം.
സെപ്തംബര്‍ 19 ന് ഞായറാഴ്ച ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടു ചേര്‍ന്നുള്ള 'ട്രിനിറ്റി സെന്റര്‍' സ്പോര്‍ട്സ് ഫെസിലിറ്റിയില്‍ വച്ചു നടന്ന ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് 'എ' ടീം ജേതാക്കളായി എവര്‍റോളിംഗ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് 'എ' ടീം റണ്ണര്‍ അപ്പിനുളള എവര്‍റോളിംഗ് ട്രോഫിയും കരസ്ഥമാക്കി.
ഫൈനല്‍ മത്സരത്തില്‍ 54 നെതിരെ 60 പോയിന്റുകള്‍ നേടിയാണ് ഇമ്മാനുവലിന്റെ യുവതാരങ്ങള്‍ സെന്റ് മേരീസിനെ പരാജയപ്പെടുത്തിയത്.
ചാമ്പ്യന്മാര്ക്കുള്ള ഇ.വി. ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി റെജി കോട്ടയവും, റണ്ണര്‍ അപ്പിനുള്ള എവര്‍റോളിംഗ് ട്രോഫി എലിഫ് ട്രാവല്‍സും സംഭാവന നല്കി.
സെപ്തംബര്‍ 18 നു രാവിലെ 9 മണിക്ക് ആരംഭിച്ച ടൂര്‍ണമെന്റ് സ്പോര്‍ട്സ് കണ്‍വീനര്‍ ഫാ.ജെക്കു സക്കറിയ പ്രാര്ഥനയോടു കൂടി ഉദ്ഘാടനം ചെയ്തു.
ഇമ്മാനുവേല്‍ ടീമിലെ ബിന്സണ് എംവിപി ട്രോഫി കരസ്ഥമാക്കി. 3 പോയിന്റ് ഷൂട്ട് ഔട്ടില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ടീമിലെ ജെബി കളത്തൂര്‍ ചാമ്പ്യനായി.
ഹൂസ്റ്റണിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ഹൂസ്റ്റണിലെ കായികപ്രേമികളായ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു ട്രിനിറ്റി സെന്റര്‍.
2013 മുതല്‍ ഹൂസ്റ്റണില്‍ നടത്തി വരുന്ന എക്യൂമെനിക്കല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ച സ്പോര്‍ട്സ് കണ്‍വീനര്‍ ഫാ.ജെക്കു സഖറിയ, കോര്‍ഡിനേറ്റര്‍ റജി കോട്ടയം എന്നിവരെ ഐസിഇസിഎച്ച് ഭാരവാഹികള്‍ അഭിനന്ദിച്ചു. ഇവരോടൊപ്പം ഫാ.ഐസക് ബി.പ്രകാശ്, ഫാ.ജോണ്സന് പുഞ്ചക്കോണം, എബി മാത്യു, ബിജു ചാലയ്ക്കല്‍, നൈനാന് വെട്ടിനാല്, ജോണ്സന് ഉമ്മന്‍, സന്തോഷ് തുണ്ടിയില്‍ എന്നവരടങ്ങിയ സ്പോര്‍ട്സ് കമ്മിറ്റിയാണ് ടൂര്‍ണമെന്റിനു ചുക്കാന്‍ പിടിച്ചത്.
ഫാ.ജെക്കു സക്കറിയ, ഫാ.ജോണ്സന് പുഞ്ചക്കോണം എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. റജി കോട്ടയം നന്ദി പ്രകാശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് ടൂര്‍ണമെന്റ് സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..