
-
ഫ്ളോറിഡ: ഒക്ടോബര്‍ മാസം ഹെയ്ത്തി ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ അവസാന ബാച്ച് മിഷനറിമാരും ഒടുവില്‍ മോചിതരായി.
പതിനാറ് അമേരിക്കന്‍ മിഷനറിമാരും ഒരു കനേഡിയന്‍ മിഷനറിയും ഉള്‍പ്പെടെ 17 പേരെയാണ് ഒരു ഓര്‍ഫനേജില്‍ നിന്നും ഹെയ്ത്തിയന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ചില ആഴ്ചകള്‍ക്കുള്ളില്‍ 5 പേരെ ഭീകരര്‍ വിട്ടയച്ചിരുന്നു. ബാക്കി പന്ത്രണ്ട് പേരാണ് കഴിഞ്ഞ വ്യാഴാഴ്ച ഭീകരരുടെ പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്,
തടവില്‍ കഴിഞ്ഞിരുന്ന മിഷണറിമാരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നുവെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹെയ്ത്തിയന്‍ അധികൃതര്‍ പറഞ്ഞു.
തടവില്‍ നിന്നും രക്ഷപ്പെട്ടവരുടെ പേരുവിവരം അവരുടെ സുരക്ഷയെ കരുതി പുറത്തുവിടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
17 മില്യണ്‍ ഡോളറാണ് മോചനദ്രവ്യമായി ഭീകരര്‍ ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും മരണം മുന്നില്‍ കണ്ട അവസരവും ഉണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. തടവിലാക്കപ്പെട്ടവരില്‍ 10 മാസവും 3, 14,15 വയസു പ്രായമുള്ള കുട്ടികളും ഉള്‍പ്പെട്ടിരുന്നു.
ഹെയ്ത്തിയില്‍ നിന്നും രക്ഷപ്പെട്ടവരെ യു.എസ്.കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ സുരക്ഷിതമായി ഫ്ളോറിഡയില്‍ എത്തിച്ചു. മുമ്പ് രക്ഷപ്പെട്ട 5 പേരോടൊപ്പം 12 പേരും ചേര്‍ന്നപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടെത്തിയതിന് ദൈവത്തോട് നന്ദി അര്‍പ്പിക്കുന്ന ഗാനങ്ങള്‍ പാടുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..