-
വാഷിങ്ടണ്‍ ഡിസി: അനധികൃത കുടിയേറ്റം, അഭയാര്‍ത്ഥി പ്രശ്നം, അതിര്‍ത്തി സുരക്ഷിതത്വം എന്നീ വിഷയങ്ങള്‍ പഠിച്ചു പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് ബൈഡന് ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ആ ചുമതലയില്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്പത് യു.എസ്.ഹൗസ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രസിഡന്റ് ബൈഡന് കത്തയച്ചു.
ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കമല ഹാരിസ് തീര്‍ത്തും പരാജയമാണെന്നും കഴിഞ്ഞ 85 ദിവസമായി തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍ ഒന്നും തന്നെ നിര്‍വഹിക്കുന്നില്ലെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും, അതിര്‍ത്തി സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബോര്‍ഡര്‍ പെട്രോള്‍ ഏജന്റ്സിനെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നതിനും കമലഹാരിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും യു.എസ്.ഹൗസ് അംഗങ്ങള്‍ ആരോപിച്ചു.
മെയ് മാസത്തില്‍ 180000 കുടിയേറ്റക്കാരാണ് അമേരിക്കയിലേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിച്ചത്. സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിച്ചവരില്‍ റഷ്യ, ബ്രസീല്‍, ക്യൂബ, ഹേത്തി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു.
അതിര്‍ത്തി പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കുന്ന ടെക്സാസ് - മെക്സിക്കോ അതിര്‍ത്തിയിലെ പ്രശ്നങ്ങളെക്കുറിച്ച് നാളിതുവരെ കമലാഹാരിസ് താനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ടെക്സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്ട്ടും പരാതിപ്പെട്ടു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബൈഡന് ഭരണകൂടം തീര്‍ത്തും പരാജയമാണെന്നും ഇവര്‍ പറയുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..