-
ഹൂസ്റ്റണ്‍: പെറ്റ് സ്റ്റോറില്‍ നിന്നും പതിനായിരത്തിലധികം ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗ് പപ്പിയെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് 5 ന് ഉച്ചയ്ക്കാണ് പീറ്റ്ലാന്റ് വുഡ് ലാന്‍ഡ്സ് പെറ്റ് സ്റ്റോറില്‍ നിന്നും സ്ത്രീകള്‍ പപ്പിയെ മോഷ്ടിച്ചത്.
സ്റ്റോറില്‍ എത്തിയ ഇരുവരും 14 മാസം പ്രായമുള്ള പപ്പിയെ കാണണമെന്നാവശ്യപ്പെട്ടു. മാനേജര്‍ പപ്പിയെ കാണിച്ചു കൊടുക്കുന്നതിനിടയില്‍ പപ്പിയെ തട്ടിയെടുത്ത് ഇരുവരും മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രക്ഷപ്പെടുകയായിരുന്നു. നമ്പര്‍ പ്ലെയ്റ്റ് നീക്കം ചെയ്തതുകൊണ്ട് കാറിന്റെ വിശദവിവരങ്ങള്‍ ലഭിച്ചില്ല. പോലീസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെറ്റ് സ്റ്റോറിനു സമീപത്തുള്ള വുഡ്ലാന്റ് മാളിനുസമീപം നീക്കം ചെയ്ത നമ്പര്‍ പ്ലേറ്റ് വെച്ച് പിടിപ്പിക്കുന്നതിനിടയില്‍ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും പിടിച്ചെടുത്ത പപ്പിയെ സുരക്ഷിതമായി സ്റ്റോറില്‍ എത്തിച്ചു.
ഇത്തരം കളവ് ആദ്യമായാണ് ഇവിടെ നടക്കുന്നതെന്നും, പപ്പിയെ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാനേജര്‍ ജോണ്‍സ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. അപൂര്‍വ ഇനത്തില്‍പ്പെട്ട ഫ്രഞ്ച് ബുള്ഡോഗിന് മാര്‍ക്കറ്റില്‍ പതിനഞ്ചായിരം വരെ വില ലഭിക്കും.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..