-
ലബക്ക് (ടെക്സാസ്): തിങ്കളാഴ്ച രാത്രി ഔദ്യോഗിക ചുമതല നിര്വഹിക്കുന്നതിനിടയില് വെടിയേറ്റ് കോണ്‍ ജൊ കൗണ്ടി ഷെറീഫ് ഓഫീസിലെ ഡെപ്യൂട്ടികളായ സാമുവേല്‍ ലിയൊണാര്‍ഡ്, സ്റ്റീഫന്‍ ജോണ്‍സ് എന്നിവര്‍ മരിച്ചു. പ്രതിയെന്നു സംശയിക്കുന്ന ജെഫ്രി നിക്കൊളസിനെ (28) പോലീസ് പിടികൂടി.
തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവങ്ങളുടെ തുടക്കം. കോണ്ഞ്ചൊ കൗണ്ടി 100 ബ്ലോക്ക് ബ്രയാന്‍ സ്ട്രീറ്റിലുള്ള പട്ടിയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് എത്തിയതായിരുന്നു ഡെപ്യൂട്ടികള്‍. അതേസമയം വീടിനു മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ജെഫ്രിയുടെ വാഹനം തടഞ്ഞ്് കൈയുയര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയ ജെഫ്രി വീടിനുള്ളില്‍ കടന്ന് പ്രതിരോധിച്ചു. പുറകിലെത്തിയ പോലീസിനു നേര്‍ക്ക് ജെഫ്രി പത്ത് റൗണ്ട് നിറയൊഴിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസിനൊപ്പം എത്തിച്ചേര്‍ന്ന സിറ്റി ജീവനക്കാരനും വെടിയേറ്റു. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡെപ്യൂട്ടികളുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരപരിക്കുകളോടെ സിറ്റി ജീവനക്കാരന് ആശുപത്രിയില്‍ കഴിയുന്നു.
അരമണിക്കൂറോളം വീടിനകത്ത് വാതിലടച്ചു കഴിഞ്ഞ ജെഫ്രി പിന്നീട് കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിക്ക് 4 മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചു. പിന്നീട് ഇയാളെ ടോം ഗ്രീന്‍ കൗണ്ടി ജയിലിലേക്ക് മാറ്റി. രണ്ടു കാപിറ്റല്‍ മര്‍ഡറിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡെപ്യൂട്ടികളുടെ ആകസ്മിക വിയോഗത്തില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് ദുഃഖം രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..