
"കണ്ടോ എത്ര സമാധാനമായിട്ടാണ് ഈ ചൂരല്‍മല പുഴ ഇന്ന് ഒഴുകിപ്പോവുന്നതെന്ന്. ഒരു ജനതയുടെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും കണക്കുകൂട്ടലുകളേയും ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കി, ഒരു കുഞ്ഞുഗ്രാമത്തെ പ്രേതഭൂമിയാക്കി അവസാനിപ്പിച്ചിട്ട് ഒന്നുമറിയാതെ തെളിഞ്ഞൊഴുകുന്നത് കണ്ടോ? ദാ നിങ്ങള്‍ ചവിട്ടിനില്‍ക്കുന്നത് ഒരു വീടിന്റെ തറയിലാണ്. നിങ്ങളുടെ ആ ട്രൈപോഡ് വെച്ചിടത്തായിരുന്നു കിണര്‍."
ചെളിപറ്റിയ കൈ പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ കഴുകിക്കളഞ്ഞ് ചൂരല്‍മലക്കാരന്‍ അസീസ് സംസാരിക്കുകയാണ്. ദുരന്തം നടന്നിട്ട് ഒരു മാസത്തോളമടുക്കുകയാണ്. "എനിക്കെന്റെ ഉമ്മയെ നഷ്ടപ്പെട്ടു. ഇവിടെ എവിടെയോ മണ്ണില്‍ പുതഞ്ഞ് കിടപ്പുണ്ടാവും പാവം. അസീ എന്ന വിളി ഇവിടെ നിന്നെങ്ങാനും കേള്‍ക്കുന്നുണ്ടോ എന്ന് ഞാന്‍ കാതോര്‍ത്ത് നില്ക്കും. എന്തെങ്കിലും കിട്ടിയിരുന്നുവെങ്കില്‍ ആ ചടങ്ങെങ്കിലും നടത്താമായിരുന്നു."- അസി പറയുന്നു.
പണ്ട് ഉപ്പ ചൂരല്‍മലയില്‍ തുടങ്ങിയ കുഞ്ഞുകടയിലൂടെയാണ് അസിയും കുടുംബവും ചൂരല്മലക്കാരനാവുന്നത്. ചൂരല്‍മല ജീവിതവും കുടുംബവുമായി. ഒറ്റപ്പറമ്പില്‍ പത്തും ഇരുപതും വീടുകളില്‍ താമസിക്കുന്നവര്‍ ഒരേ വീട്ടുകാരായി. കടയില്‍നിന്ന് ഒരു ഒറ്റവാതില്‍ വീട്ടിലേക്ക്. അങ്ങനെ കുഞ്ഞുവീടും കടയുമായി അവര്‍ ജീവിതം തുടങ്ങിയതാണ്. പിന്നീട് അസി ആ കടയെ പലചരക്കുകടയും മറ്റുമായി വികസിപ്പിച്ചു. സന്തോഷം പച്ചപിടിച്ചുവരുന്ന സമയം. പക്ഷെ ഉടുതുണിമാത്രം ബാക്കിവെച്ച് എല്ലാം ഉരുളെടുത്തു.

ഉമ്മയെ തേടിയാണ് ഓരോ ദിവസവും അസി തകര്‍ന്ന വീട്ടിന് മുന്നിലെത്തുന്നത്. ഒരു ലുങ്കിയും ഷര്‍ട്ടുമിട്ട് രാവിലെയെത്തും. വൈകുന്നേരം വരെ എവിടെയെങ്കിലുമിരിക്കും. വീട്ടിലേക്ക് കയറിവരുമ്പോള്‍ പല വീടുകളില്‍നിന്ന് ഭക്ഷണം കഴിച്ചോയെന്ന് വിളിച്ച് ചോദിക്കുന്ന നാട്ടുകാരുണ്ടായിരുന്നു ഒരുമാസം മുമ്പ്. അവരുടെ കുഞ്ഞുവീടുകളുണ്ടായിരുന്നു. അതിന്റെയൊക്കെ ചെറിയ കട്ടകളും ഓടുപാകാനായി വിരിച്ച കമ്പികളുടെ അവശിഷ്ടവും മാത്രമാണ് ഇന്ന് അസിയെ സ്വീകരിക്കുന്നത്. ഇങ്ങോട്ടേക്ക് വരുമ്പോള്‍ ഇടക്ക് ആരെങ്കിലും കൂടെയുണ്ടാവും. കണ്ടാല്‍ ഭയമാകുന്ന, അകത്ത് ചെളിനിറഞ്ഞ് അവശിഷ്ടങ്ങള്‍ ബാക്കിയായ വീടിനുള്ളിലേക്ക് അപ്പോള്‍ കയറും. പഴയ ഓര്‍മകളെ ചേര്‍ത്തുപിടിച്ച് കരയും. ഒറ്റയ്ക്ക് ഇതിനുള്ളിലേക്ക് കയറാന്‍ പേടിയാണെന്ന് പറയുന്നു അസി. എന്നും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് കൂടെ കൂട്ടാന്‍ കഴിയാത്തത് കൊണ്ട് ഇപ്പോള്‍ ഒറ്റയ്ക്കാണ് വരവ്. ചെളിനിറഞ്ഞ അകത്തേക്കു നോക്കി വരാന്തയില്‍ ഒറ്റയ്ക്കിരിക്കും. ഉമ്മയുടെ വിളി കേള്ക്കുന്നുണ്ടെയന്ന് കാതോര്‍ത്തിരിക്കും.
കടയോട് ചേര്‍ന്ന് കാലങ്ങളായി ഉറുമ്പരിച്ചുണ്ടാക്കുന്നത് പോലെ കൂട്ടിയോജിപ്പിച്ച് കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ ഇരുനില വീടായിരുന്നു അസിയുടേത്. അന്ന് മഴപ്പേടിയില്‍ കുറച്ച് അകലെ താമസിക്കുന്ന സഹോദരനും കുടുംബവും കൂടെ അസിയുടെ വീട്ടിലായിരുന്നു. താഴെ സഹോദരനും കുടുംബവും ഉമ്മയുമെല്ലാം കിടന്നു. അസിയും കുടുംബവും മുകളിലത്തെ നിലയിലെ മുറിയിലുമായിരുന്നു. ഒന്നുമറിയാതെ ഉറങ്ങിയ മണിക്കൂറില്‍ ദാ ആ നില്ക്കുന്ന മരം വന്ന് ചുമരില്‍ ഇടിച്ചതിന്റെ ഒച്ച കേട്ടാണ് ഞെട്ടിയെണീറ്റത്. രണ്ട് പേര് കൈകോര്‍ത്ത് പിടിച്ചാലുമെത്താത്ത മുറ്റത്ത് മാറ്റിയിട്ടിരിക്കുന്ന കൂറ്റന്മരത്തെ ചൂണ്ടിക്കാട്ടി അസി പറഞ്ഞു.
മരം വന്നടിച്ച് സഹോദരനും താഴെ നിലയില്‍ കിടന്നിരുന്ന മറ്റെല്ലാവര്‍ക്കും പരിക്കേറ്റു. ഉമ്മയെ കാണാനില്ല. സഹോദരന്റെ കുഞ്ഞുമകനെ കാണാതായിപ്പോയിരുന്നു. പിന്നെ ഏറെ നേരം കഴിഞ്ഞാണ് ചെളിയില്‍ ഒഴുകി ദൂരെനിന്നും അവനെ കണ്ടെത്തിയത്. ഈ കട്ടിളയ്ക്ക് മുകളില്‍കൂടെ വെള്ളമൊഴുകിയതിന്റെ പാട് കണ്ടോ. അത്രമാത്രം ചെളിയുണ്ടായിരുന്നു. വെള്ളം പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയതിനാലാണ് എല്ലാവരും പലരും രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ഇതായിരിക്കില്ല ദുരന്തം.
മുന്നറിയിപ്പ് നല്‍കിയെന്നും നിര്‍ദേശം നല്‍കിയെന്നുമെല്ലാം പല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ശരിയെല്ലെന്ന് ഓര്‍ത്തെടുക്കുന്നു അസി. നിര്‍ബന്ധമായും മാറണമെന്ന് പറഞ്ഞിരുന്നെങ്കില്‍ മാറുമായിരുന്നു. പക്ഷെ വാര്‍ഡ് ഗ്രൂപ്പിലോ മാറ്റോ ഒരു നിര്‍ദേശവും വന്നില്ലെന്ന് അസി പറയുന്നു. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ മാറുമായിരുന്നു. ഉമ്മ ഇപ്പോഴും കൂടെയുണ്ടാവുമായിരുന്നു.
എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസമുറപ്പാക്കുമെന്ന് പറയുമ്പോഴും എവിടെ തുടങ്ങണമെന്ന് അസിക്കറിയില്ല. ആകെയുള്ള കടയില്‍ ചെളിനിറഞ്ഞ് ഒന്നും ബാക്കിയില്ല. അന്തിയുറങ്ങാനുള്ള വീട്ടിലെ മുകളിലത്തെ നിലയില്‍ അന്ന് അഴിച്ചിട്ട ഉടുപ്പുകള്‍ മാത്രമുണ്ട് ബാക്കി. താഴെനില ചെളിനിറഞ്ഞിരിക്കുന്നു. ഇവിടെ താമസയോഗ്യവുമല്ല. ശരിക്കും ഇതല്ലേ നമ്മള് കഥയിലൊക്കെ പറയുന്ന പ്രേതഭൂമി, അസി ചോദിക്കുന്നു. നോക്ക് എന്റെ മുറ്റത്തോട് ചേര്‍ന്ന് ഒരു ഓടിട്ട വീടുണ്ടായിരുന്നു. അവിടെ ഒരാള്‍പോലും ബാക്കിയില്ല. തകര്‍ന്ന വീടിന്റെ കൂന ചൂണ്ടിക്കാട്ടി അസി പറഞ്ഞു. ആ വീടിന്റെ മുറ്റത്തോട് ചേര്‍ന്ന് മറ്റൊരു വീടുണ്ടായിരുന്നു അവിടുത്തെ ആളുമില്ല. ഓരോ വീടിന്റേയും മതിലുകളില്ലാത്ത മുറ്റമായിരുന്നു അതിര്. അതിനോട് ചേര്‍ന്ന് പല വീടുകള്‍. ഈ കുഞ്ഞുസ്ഥലത്ത് മാത്രം ഇരുപതോളം വീടുകളുണ്ട്. ബാക്കിയുള്ളത് പല വീടുകളുടേയും തറയും ചുമരുകളും മാത്രമാണ്. ഇവിടെ താമസിക്കാന്‍ സമ്മതിച്ചാല്‍ പോലും വാതില്‍ തുറക്കുമ്പോള്‍ കാണുന്നത് ഈ കാഴ്ചയല്ലേ മുന്നില്‍.- അസി ചോദിക്കുന്നു.

എത്ര സന്തോഷത്തോടെയായിരുന്നു അസിയും കുടുംബവും ഇവിടെ താമസിച്ചതെന്നതിന്റെ തെളിവ് മാത്രമുണ്ട് ഇവിടെ. കട്ടിളയുടെ തൊട്ടുമുകളില്‍ നീളത്തിലുള്ള ഒരു ബര്‍ത്ത്. അതിന് മുകളില്‍ ചെളിമുങ്ങി നശിച്ച കുറേ പാവകള്‍. കുഞ്ഞുങ്ങളുടെ കളിവണ്ടികള്‍. കഥാപുസ്തകങ്ങള്‍. സൈക്കിളുകള്‍....
അസിയുടെ മാത്രം അവസ്ഥയല്ല ഇത് . ജീവന് നഷ്ടപ്പെട്ടതിന് അപ്പുറം എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്നറിയാതെ ദുരന്തഭൂമിയില്‍ മരവിച്ച് നില്ക്കുന്ന മനുഷ്യരാണ് ഇന്ന് ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. വായിലും മൂക്കിലുമെല്ലാം ചെളിനിറഞ്ഞ് കട്ടച്ചെളിവെള്ളത്തിനൊപ്പം ഒലിച്ചുപോയി ജീവന്മാത്രം തിരിച്ചുകിട്ടിയ രാജേഷിനേയും കുടുംബത്തേയും അവിടെ കണ്ടു. അസ്ഥിവാരം മാത്രം ബാക്കിവെച്ചുപോയ വീടിരുന്നിടത്ത് നിന്ന് രാജേഷ് ആ അനുഭവം പറഞ്ഞു. "ഈ നില്‍ക്കുന്നത് എന്റെ വീടായിരുന്നു, പണിത് വരുന്നതേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മഴപേടിച്ച് സഹോദരന്റെ ഈ വീട്ടിലായിരന്നു താമസം." രാജേഷിന്റെ വീടിനോട് ചേര്‍ന്നുള്ള മറ്റൊരു വീട് ചൂണ്ടിക്കാട്ടി പറഞ്ഞു.
"മുകളിലത്തെ നിലയിലായിരുന്നു സഹോദരനും കുടുംബവും താമസിച്ചിരുന്നത്. താഴെ ഞങ്ങളും. നല്ല മഴയായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ഒരു കണക്ക് കൂട്ടലുണ്ടായിരുന്നു. അതുകൊണ്ട് അന്ന് പേടികൂടാതെയായിരുന്നു ഉറങ്ങിയത്. പക്ഷെ ആ രാത്രി എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും കൃത്യമായി ഓര്‍മയില്ല. ചുറ്റും ഇരുട്ട്, നനവ് തട്ടി ഉറക്കം ഞെട്ടുമ്പോഴേക്കും ഞങ്ങള്‍ ചെളിയില്‍ പുതഞ്ഞുപോയിരുന്നു. മുകളില്‍ നിന്ന് സഹോദരനൊക്കെ വിളിച്ചുവെന്നാണ് പറയുന്നത്. പക്ഷെ വായിലും മൂക്കിലുമെല്ലാം ചെളികയറി ചെളിയില്‍ പൂണ്ടുപോയിരുന്നു. എന്റെ കൈയില്‍ തൂങ്ങിയായിരുന്നു അമ്മയെ കണ്ടത്തിയത്. പലരും പല വഴിക്ക് തെറിച്ചുപോയി. ഉടുതുണിപോലുമില്ലാതെ അങ്ങനെ ആ മഴ ഞങ്ങളെ ഈ ഭൂമിയില്‍ അന്ന് ബാക്കിയാക്കി."- രാജേഷ് പറയുന്നു.

- എങ്ങനെ നടപ്പിലാക്കും പുനരധിവാസം
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരുടെ പുനരധിവാസം അത്ര എളുപ്പമാവില്ല എന്നതാണ് യാഥാര്‍ഥ്യം. ടൗണ്‍ഷിപ്പ് പദ്ധതിയടക്കം വലിയ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും സ്ഥലം കണ്ടെത്തുക തന്നെയാണ് പ്രധാന വെല്ലുവിളി. കാരണം വയനാടിന്റെ ഭൂരിഭാഗം സ്ഥലവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ പാരിസ്ഥിതികമായി അതിലോല മേഖലയാണെന്നത് തന്നെയാണ്.
ദുരന്തം അതിജീവിച്ച അസിയേയും രാജേഷിനേയും പോലുള്ള കൂടുതല്‍ ആളുകള്‍ക്കും മേപ്പാടി മേഖല വിട്ട് വരാന്‍ താത്പര്യമില്ല. അതുകൊണ്ടു തന്നെ പുനരധിവാസത്തിന് തദ്ദേശീയ സാങ്കേതിക വിദഗ്ധരുടേയടക്കമുള്ള അനുഭവ പരിചയും സര്‍ക്കാര്‍ ഉപയോഗിക്കാനൊരുങ്ങുന്നുണ്ട്.
ചുരുങ്ങിയ കാലയളവിനകം മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സാങ്കേതിക പ്രശ്നങ്ങളില്ലാത്ത മേഖല കണ്ടെത്തി ആളുകള്‍ക്ക് ആവശ്യമായ ഉപജീവനം പുനരധിവാസത്തിലൂടെ ഒരുക്കുകയും വേണം. ഇതിനായി യോഗം ചേര്‍ന്ന് വിവിധ മേഖലയിലെ വിദഗ്ധര്‍, ദുരന്ത നിവാരണം, ഭൂവിനിയോഗം, ജീവനോപാധി, പുനര്‍നിര്‍മാണം, ടൂറിസം, നിര്‍മാണ രീതികള്‍, ആരോഗ്യം, മനുഷ്യ-മൃഗ സംഘര്‍ഷം എന്നിവയെല്ലാം സംബന്ധിച്ച് സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. യോഗത്തില്‍ ഉണ്ടായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഏകോപിപ്പിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

- വാസയോഗ്യതയുള്ള സ്ഥലം 25 ശതമാനം മാത്രം-പി.യു ദാസ് ( വയനാട് ജില്ലാ മുന്‍ മണ്ണ് സംരക്ഷണ ഓഫീസര്‍)
വളരെ ചെറിയ ജില്ല. എന്നാല്‍ ജനവാസമേറിയ സ്ഥലം. ഇതാണ് വയനാടിന്റെ സ്വാഭാവിക അവസ്ഥ. സുരക്ഷിതമായ വാസ സ്ഥലം കുറഞ്ഞ സ്ഥലമാണെന്ന് വേണമെങ്കില്‍ പറയാം. ജില്ലയുടെ 40 മുതല്‍ 42 ശതമാനം വരെ ഉയര്‍ന്ന കുന്നുകളുള്ള അതിര്‍ത്തി പ്രദേശങ്ങളാണ്. നല്ല വനവും എസ്റ്റേറ്റുകളും ഉള്‍പ്പെട്ടതാണ് ഈ അതിര്‍ത്തി പ്രദേശങ്ങള്‍. അതുകൊണ്ടു തന്നെ പാരിസ്ഥികമായി അതിലോലവുമാണ്. ഈ മലയോര മേഖലയെ ഒരു ജനവാസ മേഖലയായി കണക്കാക്കാനും പറ്റില്ലെന്ന് പറയുന്നു വയനാട് ജില്ലാ മുന്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്.
ബാക്കി 15 ശതമാനം വയല്‍ പ്രദേശങ്ങളാണ്. ഇത് ഫ്ളഡ് സോണ്‍ ആണെന്നും ഓരോ വര്‍ഷത്തേയും മഴക്കാലം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ഇതൊക്കെ കഴിഞ്ഞ് 25 ശതമാനം മാത്രമേ സുരക്ഷിതമായ വാസസ്ഥലമുള്ളൂ. ഇവിടങ്ങളില്‍ തന്നെ ഉയര്‍ന്ന ജനസഖ്യയുള്ള സ്ഥലവുമാണ്. പുത്തുമലയുടെ കാലത്ത് തന്നെ സ്ഥലം കണ്ടെത്താന്‍ വലിയ പ്രതിസന്ധികളെ സര്‍ക്കാര്‍ നേരിട്ടിരുന്നു. അതിലെ ഒരു ഉദ്യോഗസ്ഥന് കൂടിയായിരുന്നു പി.യു ദാസ്. ഈ പ്രതിസന്ധികളാണ് ചൂരല്‍മല-മുണ്ടക്കൈയിലും നേരിടാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഏതായാലും ചൂരല്‍മലയും-മുണ്ടക്കൈയും നമുക്കിനി വാസയോഗ്യമാണെന്ന് ചൂണ്ടിക്കാണിക്കാനെ കഴിയില്ല. പ്രദേശം അത്രമാത്രം നശിച്ചുപോയിട്ടുണ്ട്.
ക്വാറികളെകുറിച്ചും മറ്റും നമ്മള് പറയുമ്പോഴും മലയോരത്തെ മണ്ണെടുക്കലും നിര്‍മാണ പ്രവര്‍ത്തനവും വലിയ വെല്ലുവിളി തന്നെയാണ് വയനാട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്. വയനാട് ജില്ലയില്‍ വ്യാപകമായി മണ്ണെടുക്കലും ചെരിവുകളുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വയനാട് ജില്ലയുടെ 2018 ന് ശേഷമുള്ള മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും 60 ശതമാനം സംഭവിച്ചിരിക്കുന്നത് ഇത്തരം എര്‍ത്ത് മൈനിങ് നടത്തിയ ഇടങ്ങളിലാണെന്ന് മനസ്സിലാവും. പലതരം മണ്ണുകളാണുള്ളത്. അതിന്റെ സ്വാഭാവത്തിന് അനുസരിച്ചായിരിക്കും അതിന്റെ നിലനില്‍പ്പും. ഇവിടങ്ങളിലോ അതിനോട് ചേര്ന്നിടത്തോ മണ്ണെടുത്ത് ഈ ഘടനയ്ക്ക് മാറ്റം വരുത്തുമ്പോള്‍ അത് ബാധിക്കുന്നത് അതിന്റെ സുരക്ഷിതമായ ബാലന്‍സിനെയാണ്. വയനാട് ജില്ലയിലെ നിര്‍മാണത്തിലിരിക്കുന്നതും പൂര്‍ത്തിയാക്കിയതുമായി പല റിസോര്‍ട്ടുകളുടേയും മറ്റ് കെട്ടിടങ്ങളും നോക്കിയാല്‍ മതി. മിക്കതും നടന്നിരിക്കുന്നത് മലകളുടെ സ്വാഭാവികതയെ മാറ്റിയാണെന്ന് മനസ്സിലാവലും. ഇതിന്റെ ഫലമായിട്ട് തന്നെയാണ് മലയോരങ്ങളില്‍ കിലോമീറ്ററുകള്‍ ദൂരത്ത് വീണ്ട് കീറുന്നതും. സ്ഥാനമാറ്റം സംഭവിക്കുന്നതുമെല്ലാം. ഇത്തരം സ്ഥലങ്ങളില്‍ പുനരധിവാസമേ അനുവദിക്കാനാവില്ല.
- വേണ്ടത് മൈക്രോ ലെവല്‍ സര്‍വേ- ജോണ്‍ മത്തായി

വയനാട്ടിലെ അപകടമേഖലകളില്‍ മൈക്രോലെവല് സര്‍വേ നടത്തിയാല്‍ ഉരുല്പൊട്ടാന് സാധ്യതയുള്ള സ്ഥലങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. അങ്ങനെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഈ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായാല്‍ പുറത്തുവരുന്ന വെള്ളവും കല്ലുമെല്ലാം എത്ര ദൂരത്തോളമെത്താമെന്ന് നമുക്ക് ഏകദേശ ധാരണയുണ്ടാക്കാനും കഴിയും. അതിനകത്ത് ആളുകള്‍ താമസമുണ്ടെങ്കില്‍ അവരെ മാറ്റണം. അല്ലാതെ സമ്പൂര്‍ണ കുടിയൊഴിപ്പിക്കല്‍ നടപ്പിലാക്കണമെന്ന് നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല. പകരം നിയന്ത്രണങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്. ഇത്തരം സ്ഥലങ്ങളില്‍ പാര്‍പ്പിട സംവിധാനങ്ങളൊന്നും അനുവദിക്കാതിരിക്കുന്നതാവും നല്ലത്.
വയനാട്ടില്‍ നേരത്തേയും ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും അതിനുശേഷം പല പഠനങ്ങളും പുറത്തുവന്നു. പക്ഷേ, വീണ്ടും വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അതുകൊണ്ടു തന്നെ പഠനങ്ങളെ നമ്മള് രണ്ട് തരത്തില്‍ കാണേണ്ടതുണ്ട്. ഗവേഷണ പഠനങ്ങള്‍ പലതും വരും അതുകൊണ്ട് കാര്യമില്ല. പഠന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം എന്ത് ചെയ്യാനാവുമെന്ന കാര്യം കൂടി പറയണം. അതുകൂടി ചേര്‍ത്തുവെച്ച് വായിച്ചാല്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ.
ഗവേഷണ പഠനങ്ങള്‍ അതിന്റെ കാരണം പറഞ്ഞ് വിട്ടുപോകും. അതിന് പകരം ഈ റിപ്പോര്‍ട്ടുകളെ ഭൂമിയിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യുകയാണ് വേണ്ടത്. ഇവിടെയാണ് മൈക്രോ സര്‍വേകളുടേയും മറ്റും പ്രാധാന്യം. ഉദാഹരണത്തിന് ചൂരല്‍മലയെന്ന പ്രദേശമാണെങ്കില്‍ അവിടെ എവിടെയാണ് അപകടമേഖലയെന്ന് കണ്ടെത്തണം. അതിന് പഞ്ചായത്തിന്റെയോ അതിനും താഴെ വാര്‍ഡ് തലത്തിലോ തന്നെ ഇറങ്ങിച്ചെല്ലണം. അങ്ങനെയാവുമ്പോള്‍ സൂക്ഷ്മ തലത്തിലുള്ള റിപ്പോര്‍ട്ട് ലഭിക്കും. കൃത്യമായി പരിഹാരമാര്‍ഗം നിര്ദേശിക്കാനുമാവും. ദൂരെ നിന്ന് കുറെ പേര് എത്തി സംഭവസ്ഥലത്ത് പോയി സന്ദര്‍ശിച്ച് വരുന്നതിലല്ല കാര്യം. അതിനപ്പുറം അവിടെ വര്‍ഷങ്ങളായി താമസിക്കുന്നവരേയും പഞ്ചായത്ത് അധികൃതരെയുമെല്ലാം ഈ പഠനത്തിന്റെ ഭാഗമാക്കണം. അവര്‍ക്കാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയും അറിയുകയും ചെയ്യുക.
Content Highlights: A community devastated by landslides seeks hope and rebuilding in the aftermath.
Published: 24 Aug 2024, 10:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented