മുന്‍ എം.പിയും തീപ്പൊരി നേതാവുമായിരുന്ന ടി.ജെ.ആഞ്ചലോസിനെ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉപയോഗിച്ചാണെന്ന ജി സുധാകരന്റെ തുറന്നുപറച്ചില്‍ വിവിധ വിവാദങ്ങളില്‍ ഉലയുന്ന പാര്‍ട്ടിക്ക് മറ്റൊരു ആഘാതമാകുന്നു. കള്ള റിപ്പോര്‍ട്ടുണ്ടാക്കിയാണ് ആഞ്ചലോസിനെ പുറത്താക്കിയതെന്ന് സുധാകരനെപ്പോലൊരു മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ അച്ചടക്ക നടപടിക്കു മുന്നോടിയായി തയ്യാറാക്കുന്ന ഇത്തരം അന്വേഷണ റിപ്പോര്‍ട്ടുകളും സംശയത്തിന്റെ നിഴലിലാവുകയാണ്. തീര്‍ച്ചയായും 2021-ല്‍ തന്നെ പരസ്യമായി ശാസിച്ച പാര്‍ട്ടി നടപടിയും അദ്ദേഹത്തിന്റെ മനസ്സിലുണ്ടാവണം. ആഞ്ചലോസിനെ പുറത്താക്കിയത് അക്കാലത്ത് കോളിളക്കമുണ്ടാക്കിയിരുന്നു.

1996-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സി എസ് സുജാതയുടെ തോല്‍വിക്കായി ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചുവെന്നാരോപിച്ചായിരുന്നു ആഞ്ചലോസിനെ പുറത്താക്കിയത്. തന്നെ അധ്യക്ഷനാക്കി തന്നോടു പറയാതെയായിരുന്നു അജണ്ട ചര്‍ച്ചക്ക് വെച്ചതെന്നും തന്നെ ചതിച്ചതാണെന്നും സുധാകരന്‍ വെളിപ്പെടുത്തി. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ഇരുട്ടടിയാണതെന്നും സുധാകരന്‍ ചൊവ്വാഴ്ച ആര്യാട് നടന്ന ഒരു യോഗത്തില്‍ പറഞ്ഞു. 1998-ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ആഞ്ചലോസ് പിന്നീട് സി.പി.ഐയില്‍ ചേര്‍ന്നു. അക്കാലത്ത് പ്രധാനപ്പെട്ട ഒരു സി.പി.എം നേതാവ് സി.പി.ഐയില്‍ ചേരുന്നത് അത്യപൂര്‍വമായിരുന്നു. മാത്രമല്ല, ആഞ്ചലോസിനെ എടുക്കാതിരിക്കാന്‍ സി.പി.ഐയില്‍ സി.പി.എം സമ്മര്‍ദം ചെലുത്തുകയും ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലെ സി.പി.ഐ ജില്ലാ സെക്രട്ടറിയാണ് ആഞ്ചലോസ്. സി.പി.എമ്മിലായിരുന്നപ്പോള്‍ എം.എല്‍.എയും എം.പിയും ഖാദി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന അദ്ദേഹം പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ സി.പി.എം പക വീട്ടാനുള്ള സാധ്യതകള്‍ ഭയന്നാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

'കടപ്പുറത്ത് മീന്‍ പെറുക്കാന്‍ നടന്ന ചള്ളു ചെറുക്കന്‍'

പാര്‍ട്ടിക്കുള്ളില്‍ അച്യുതാനന്ദന്‍ വിഭാഗവും സി.ഐ.ടി.യു വിഭാഗവും തമ്മില്‍ ചേരിപ്പോരു നടക്കുന്ന കാലമായിരുന്നു അത്. ആഞ്ചലോസ് സി.ഐ.ടി.യു വിഭാഗത്തിനൊപ്പമായിരുന്നു. പാര്‍ട്ടി വളര്‍ത്തി 'സ്‌കൂളിലും കോളേജിലും അയച്ചു പഠിപ്പിച്ച് എം.പിയും തോറ്റപ്പോള്‍ മന്ത്രിക്ക് തുല്യമായ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയും നല്‍കിയ പാര്‍ട്ടിയെ ചതിച്ച് സേവ് സി.പി.എം ഫോറത്തോടു സഹകരിക്കുന്നു'വെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. 1998 ഏപ്രിലില്‍ നടന്ന ആലപ്പുഴ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ വിഎസ് അച്യുതാനന്ദന്‍ 'കടപ്പുറത്ത് മീന്‍പെറുക്കാന്‍ നടന്ന ഒരു ചെറുക്കനെ പൊക്കിപ്പിടിച്ചാണ് സേവ് ഫോറക്കാര്‍ നടക്കുന്നത്. പാര്‍ട്ടിക്കെതിരെയുള്ള അവന്മാരുടെ പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍, പാര്‍ട്ടിയോട് കളിച്ചാല്‍ ആ ചെറുക്കന്‍ പഴയ പണിക്ക് പോകേണ്ടിവരും' എന്ന് പ്രസംഗിച്ചതായി സിഐടിയു വിഭാഗം ആരോപിച്ചു. ഇതോടെയാണ് പ്രശ്നം വഷളായത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സുജാത തോറ്റതിനു കാരണം ആഞ്ചലോസിന്റെ വിരുദ്ധ നിലപാടായിരുന്നു എന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. ചില മേഖലകളില്‍ വേണ്ടത്ര ആത്മാര്‍ത്ഥമായി പ്രസംഗിച്ചില്ല, തെരഞ്ഞെടുപ്പ് ദിവസം കടപ്പുറത്ത് കാറ്റുകൊള്ളാന്‍ പോയി, കൈലി ഉടുത്ത് വോട്ട് ചെയ്യാന്‍ പോയി എന്നിങ്ങനെ ആരോപണങ്ങള്‍ ഉയര്‍ന്നു. പിന്നീട് സിപിഎം മാരാരിക്കുളം ഏരിയ കമ്മിറ്റി ആഞ്ചലോസിന് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു. 'പാര്‍ട്ടി താല്‍പര്യങ്ങള്‍ വര്‍​ഗ ശത്രുവിന് കീഴ്പ്പെടുത്തും വിധം പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തു... പ്രചാരണത്തിന്റെ അവസാനദിവസം കുട്ടികളെ കൊണ്ടുപോയി മുടിവെട്ടിക്കാനും പിന്നീട് ചില്‍ഡ്രന്‍സ് പാര്‍ക്കിലും ബീച്ചിലും പോയി കാറ്റു കൊണ്ടിരിക്കാനുമുള്ള സഖാവിന്റെ മനോഭാവം അപാരം തന്നെ. ഒരു സഖാവിന്റെ ബോധം ഇത്രയും തരംതാഴാന്‍ പാടില്ല. ഒരു പ്രാവശ്യം നിയമസഭയിലേക്കും രണ്ടുതവണ പാര്‍ലമെന്റിലേക്കും മത്സരിക്കാന്‍ സീറ്റ് നല്‍കിയ പാര്‍ട്ടിയെ അപമാനിക്കുകയാണ് ചെയ്തത്-' നോട്ടീസില്‍ പറയുന്നു. കടലോര മേഖലകളില്‍ വര്‍ഗീയ വികാരം ഇളക്കി വിടാന്‍ പോലും മടിച്ചില്ല എന്നും ആരോപണമുണ്ടായി. പാര്‍ലമെന്ററി വ്യാമോഹവും അധികാരത്തോടുള്ള അത്യാര്‍ത്തിയും മൂത്ത സഖാവ് ഒരു ബൂര്‍ഷ്വാ രാഷ്ട്രീയക്കാരനെക്കാള്‍ അധപതിച്ചിരിക്കുന്നതായി കാണാം- നോട്ടീസ് പറയുന്നു.

കാരണം കാണിക്കല്‍ നോട്ടീസില്‍ തന്നെ ആഞ്ചലോസ് പുറത്താവുമെന്ന സൂചനയുണ്ടായിരുന്നു. 'പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് തിരഞ്ഞെടുപ്പ് എന്ന വര്‍​ഗസമരത്തെ അട്ടിമറിക്കുകയും വഞ്ചിക്കുകയും വര്‍​ഗശത്രുവിനെ സഹായിക്കുംവിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിങ്ങള്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന് തന്നെ അയോഗ്യനായിരിക്കുകയാണ്'  എന്ന് ഉപസംഹാരത്തില്‍ പറയുന്നുണ്ട്. കാരണം കാണിക്കല്‍ നോട്ടീസിന് ആഞ്ചലോസ് മറുപടി നല്‍കിയിരുന്നു. പിന്നീട് അടിയന്തര യോഗം ചേര്‍ന്ന് മാരാരിക്കുളം ഏരിയ കമ്മിറ്റിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തത്. അത് അംഗീകരിച്ച് പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

സുധാകരന് പരസ്യശാസന

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയതിന് ജി.സുധാകരനെ പാര്‍ട്ടി പരസ്യമായി ശാസിച്ചിരുന്നു. എളമരം കരീം. കെ.ജെ.തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ആലപ്പുഴയിലെ ഏറ്റവും വലിയ പാര്‍ട്ടി നേതാവിനെ ശിക്ഷിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സുധാകരന്‍ സജീവമായിരുന്നില്ല എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്. എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായി പ്രചരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും സലാമിനു വോട്ടു കുറഞ്ഞിട്ടില്ലെന്നും സുധാകരന്‍ സംസ്ഥാനകമ്മിറ്റിക്കു മുമ്പാകെ കണക്കു നിരത്തി വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല.

സുധാകരനെതിരെ മുമ്പും പാര്‍ട്ടി നടപടിയെടുത്തിരുന്നു. 2002-ല്‍ കടുത്ത വിഭാഗീയതയുടെ പേരിലാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. വി.എസ്- പിണറായി ചേരിതിരിവ് ശക്തമായ കാലഘട്ടത്തില്‍ അന്ന് ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ സി.പി.എം പിരിച്ചുവിടുകയും ചെയ്തിരുന്നു. താക്കീത്, ശാസന, പരസ്യശാസന, തരംതാഴ്ത്തല്‍, സസ്പെന്‍ഷന്‍, അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍ എന്നിങ്ങനെയാണ് സിപിഎമ്മിലെ അച്ചടക്ക നടപടിയുടെ ക്രമം. ഇതില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ അച്ചടക്ക നടപടികള്‍ക്ക് സുധാകരന്‍ വിധേയനായിക്കഴിഞ്ഞു.  

അസമയത്തെ സത്യപ്രസ്താവനകള്‍

ആഞ്ചലോസിന്റെ കാര്യത്തില്‍ 28 വര്‍ഷം മുമ്പു നടന്നതായി പറയുന്ന ഒരു കാര്യമാണ് സുധാകരന്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. അന്ന് അതിന് സാക്ഷിയായിരുന്നവരില്‍ വലിയൊരു ശതമാനം ഇന്നില്ല. ആഞ്ചലോസടക്കമുള്ള നേതാക്കള്‍ ഇതേക്കുറിച്ച് തുറന്നു സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലുമല്ല. എന്തായാലും സുധാകരന്‍ പറഞ്ഞതില്‍ ഒരു സംഘടനാപ്രശ്നമുണ്ട്. ആരോപണത്തിലുറച്ചു നിന്നാല്‍ സി.പി.എമ്മിന് അതു പരിശോധിക്കേണ്ടി വരും. ഇതാദ്യമാവണം ഇത്തരമൊരു തുറന്നുപറച്ചില്‍.

സമീപകാലത്ത് സി.പി.എമ്മിന് തലവേദനയുണ്ടാക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് ജി.സുധാകരന്‍. 'ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു, അതിന്റെ പേരിലാണ് പുതിയ സര്‍ക്കാര്‍ വന്നത്. രണ്ടാം പിണറായി സര്‍ക്കാരിനെ കുറിച്ച് പലര്‍ക്കും വിമര്‍ശനങ്ങള്‍ ഉണ്ട്. നല്ല നേതാവ് ഉണ്ടെങ്കില്‍ ജനം പിറകെ വരും' എന്നും ആയിരം കഴുതകളെ നയിക്കുന്ന സിംഹമാണ് ആയിരം സിംഹങ്ങളെ നയിക്കുന്ന കഴുതയെക്കാള്‍ ഭേദം എന്നുമുള്ള പ്രസ്താവനകള്‍ ഉദാഹരണം. ഈയിടെ മോദി അഴിമതിയില്ലാത്ത ശക്തനായ ഭരണാധികാരിയാണ് എന്ന് ഒരു യോഗത്തില്‍ അഭിപ്രായപ്പെട്ടതും ചര്‍ച്ചയായിരുന്നു പിന്നീട് താന്‍ മോദിയെ പുകഴ്ത്തിയിട്ടില്ല എന്നും നല്ല ഭരണാധികാരി എന്ന് പറഞ്ഞിട്ടില്ലെന്നും ഏകാധിപതിയെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. സിപിഎമ്മിലെ പ്രായപരിധി നിബന്ധനയെയും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. .

പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ അന്‍വര്‍ പരിധി വിട്ടത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും തിരുത്താന്‍ ഇടപെടണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. അന്‍വറിനെ തിരുത്താന്‍ അന്‍വറിനെ ഇടത് എംഎല്‍എ ആക്കാന്‍ മുന്‍കൈ എടുത്ത നേതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ടന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. നേരത്തേ, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിച്ചതില്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയെന്ന് അദ്ദേഹം വ്യക്തമാക്കിയത് പാര്‍ട്ടിക്ക് ക്ഷീണമായിരുന്നു. ഇടയ്ക്കിടെ 'സത്യം വിളിച്ചു പറയുന്ന' സുധാകരന് പാര്‍ട്ടി ചട്ടക്കൂട്ടിനുള്ളില്‍ എത്രകാലം തുടരാനാവും എന്നത് കണ്ടറിയണം.

സി.പി.എമ്മും അച്ചടക്ക നടപടികളും

പാര്‍ട്ടി അച്ചടക്കം പരമപ്രധാനമായി കാണുന്ന സി.പി.എമ്മില്‍ അച്ചടക്ക നടപടികള്‍ സാധാരണ സംഭവമാണ്. സി.പി.എം ഭരണഘടനയുടെ 19-ാം വകപ്പനുസരിച്ചാണ് അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക. പാര്‍ട്ടി ഭരണഘടനയെയും തീരുമാനങ്ങളെയും ലംഘിക്കുക, പാര്‍ട്ടി അംഗങ്ങള്‍ക്ക് യോജിക്കാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുകയോ പെരുമാറുകയോ ചെയ്യുക എന്നിവയാണ് അച്ചടക്കത്തിന്റെ ലംഘനമായി കണക്കാക്കുന്നത്. സമീപകാലത്തുണ്ടായ പ്രധാന അച്ചടക്ക നടപടികള്‍ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും ഇ.പി.ജയരാജനെ മാറ്റിയതും പാലക്കാട്ട് ജില്ലയിലെ മുതിര്‍ന്ന നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ.ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതുമാണ്.

തിരുവല്ല ഏരിയാ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് ആന്റണിയെ മാറ്റിയതും പൂണിത്തുറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതും കുട്ടനല്ലൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വര്‍ഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തുകയും ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തതും ഈ വര്‍ഷമാണ്.