
രണ്ടുവര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയയുടെ പതിനായിരത്തോളം വരുന്ന പട്ടാളക്കാര്‍ തയ്യാറെടുക്കുകയാണെന്ന് അമേരിക്കയും സഖ്യ രാജ്യങ്ങളും. ഇതിനകം പതിനായിരക്കണക്കിന് സൈനികര്‍ കൊല്ലപ്പെടുന്നതിനു വഴിവെച്ച യുദ്ധം ഉത്തര കൊറിയയുടെ വരവോടെ കൂടുതല്‍ വിപുലവും രൂക്ഷവുമാവുമെന്ന ആശങ്കയിലാണ് ലോകം. സഹായം മാത്രം പോര, സൈന്യത്തെ റഷ്യക്കെതിരേ നേരിട്ടു പൊരുതാന്‍ അയയ്ക്കണം എന്ന യുക്രൈന് പ്രസിഡണ്ട് വൊളോദിമിര്‍ സെലെന്‍സ്കിയുടെ ആവശ്യം ഇനി കണ്ണടച്ചു തള്ളിക്കളയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യൂറോപ്യന്‍ യുദ്ധമാണ് യുക്രൈന് മണ്ണില്‍ നടക്കുന്നത്. അതില്‍ ആയിരക്കണക്കിന് ഉത്തര കൊറിയന്‍ സൈനികര്‍ കൂടി ചേരുന്നത് ഇപ്പോള്‍ തന്നെ ക്ഷീണിതമായ യുക്രൈന്റെ സൈന്യത്തിന്റെ മേല്‍ കടുത്ത സമ്മര്‍ദമേല്‍പ്പിക്കും. അതിനിടെ ഉത്തര കൊറിയയുടെ വിദേശമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം റഷ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് പോയതായി അവരുടെ സര്‍ക്കാര്‍ മാധ്യമം ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ ജൂണില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ ഒപ്പുവച്ച സന്ധി അനുസരിച്ചാണ് ഈ സൈനികനീക്കമെന്ന് കരുതുന്നു.
ഉത്തര കൊറിയ റഷ്യയിലേക്ക് പട്ടാളത്തെ അയക്കുന്നതായി ദക്ഷിണ കൊറിയയും യുക്രൈനും ആരോപിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒക്ടോബര്‍ ആദ്യം മൂവായിരം ഉത്തര കൊറിയന്‍ പട്ടാളക്കാരെ കിഴക്കന്‍ റഷ്യയിലേക്ക് അയച്ചെന്നും അവിടെ അവര്‍ക്ക് സൈനിക പരിശീലനം നല്‍കുകയാണെന്നും റഷ്യയുടെ യൂണിഫോമില്‍ പോരാടുന്ന ഓരോ കൊറിയന്‍ സൈനികനും മാസം രണ്ടായിരം ഡോളര്‍ വീതം ശമ്പളം നല്‍കുകയാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. കീഴടങ്ങിയാല്‍ ഉത്തര കൊറിയന്‍ സൈനികര്‍ക്ക് സംരക്ഷണവും ഭക്ഷണവും നല്‍കാമെന്നും മറ്റൊരു രാജ്യത്തിന്റെ മണ്ണില്‍ അര്‍ത്ഥശൂന്യമായി ചത്തു വീഴേണ്ട കാര്യമില്ലെന്നും കൊറിയന്‍ ഭാഷയില്‍ പറയുന്ന വീഡിയോ യുക്രൈന് പുറത്തിറക്കിയിട്ടുണ്ട്.
''ഉത്തര കൊറിയയെ ഒരു സഖ്യകക്ഷിയായി കണ്ട് അവരെ റഷ്യ ചുമതലകള്‍ ഏല്‍പ്പിച്ചുതുടങ്ങി. ഏതു നിമിഷവും അവര്‍ യുക്രൈനെതിരായ യുദ്ധമുന്നണിയില്‍ പ്രത്യക്ഷരാകാം. ഇങ്ങനെ പോയാല്‍ ഉത്തര കൊറിയയെ യൂറോപ്പില്‍ നേരിടാന്‍ യുക്രൈന് നിര്‍ബന്ധിതമാകും'- സെലെന്‍സ്കി പറഞ്ഞു. മൂവായിരം ഉത്തര കൊറിയന്‍ സൈനികരും ഓഫീസര്‍മാരും ദിവസങ്ങള്‍ക്കു മുമ്പുതന്നെ യുദ്ധരംഗത്തുണ്ടെന്നും വൈകാതെ അവരുടെ എണ്ണം 12,000 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുടെ നീക്കം വളരെ അപകടകരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.

ഉത്തര കൊറിയന്‍ പട്ടാളക്കാരെ ചാകാന്‍ വേണ്ടി യുദ്ധക്കളത്തില്‍ എറിയാനുള്ള സാമഗ്രികളായാണ് റഷ്യ കരുതുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. സൈനികരെ നിസാര തുകയ്ക്ക് വില്‍ക്കുകയാണ് ഉത്തര കൊറിയയെന്നും അവര്‍ ആക്ഷേപിച്ചു. യുദ്ധം നടക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ട് ആയുധം കൊടുക്കേണ്ട എന്നതാണ് നിലവിലെ ദക്ഷിണ കൊറിയന്‍ നയം. പുതിയ സാഹചര്യത്തില്‍ അതു മാറ്റുന്ന കാര്യം ആലോചിക്കുകയാണ്-ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യൂന്‍ സുക് ഇയോള്‍ പറഞ്ഞു. ഉത്തര കൊറിയന്‍ സൈനികരെ റഷ്യയിലേക്ക് അയച്ചെന്ന് നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുറ്റെ സ്ഥിരീകരിച്ചു. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് വെച്ച് നാറ്റോയുടെ മുപ്പത്തിരണ്ടു ദേശീയ അംബാസഡര്‍മാരെ ദക്ഷിണ കൊറിയയുടെ ഉന്നതരായ രഹസ്യാന്വേഷണ, സൈനിക നയതന്ത്ര ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്നാണ് ഈ സ്ഥിരീകരണം. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിക്കുന്നത് ഇന്‍ഡോ-പസിഫിക്കിനും യൂറോ-അറ്റ്ലാന്റിക് സുരക്ഷയ്ക്കും ഭീഷണിയാണെന്നും റുറ്റെ പറഞ്ഞു.
ഉത്തര കൊറിയന്‍ സൈനികര്‍ റഷ്യയില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാന്‍ കൂട്ടാക്കാതിരുന്ന റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്രോവ് ദീര്‍ഘകാലമായി പാശ്ചാത്യ രാജ്യങ്ങളിലെ സൈനിക ഇന്‍സ്ട്രക്ടര്‍മാര്‍ സഹായിക്കാന്‍ യുക്രൈന് സൈന്യത്തെ സഹായിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി. മന:ശാസ്ത്രപരമായ ഒരു മുന്‍തൂക്കം മാറ്റിനിര്‍ത്തിയാല്‍ പതിനായിരം കൊറിയന്‍ സൈനികര്‍ക്ക് ഈ വലിയ യുദ്ധത്തിന്റെ അന്തിമഫലത്തില്‍ കാര്യമായ വ്യത്യസമുണ്ടാക്കാനാവില്ലെന്നാണ് വിദഗ്ധമതം. എങ്കിലും പുടിനെ കളി പഠിപ്പിക്കാനിറങ്ങിയ പാശ്ചാത്യര്‍ കളി പഠിക്കുന്ന ലക്ഷണമാണ് കാണുന്നത്. ഉപരോധത്തെ അവസരമാക്കാനും ശക്തമായ പ്രതിരോധനിര കെട്ടിപ്പടുക്കാനും തന്ത്രശാലിയായ ഈ രാഷ്ട്രത്തലവന് കഴിഞ്ഞിരിക്കുന്നു.
സൈനികരെ അയയ്ക്കുന്നത് ആധുനിക പോര്‍വിമാനങ്ങള്‍ക്കു പകരം?
കൊറിയന്‍ വ്യോമസേനയെ ആധുനികീകരിക്കുന്നതിന് സഹായിക്കുന്നതിന് പകരമായാണ് സൈനികരെ അയക്കാന്‍ ഉത്തര കൊറിയ തീരുമാനിച്ചതെന്ന് സൂചനകളുണ്ട്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ദീര്‍ഘകാലലക്ഷ്യമാണ് റഷ്യയുടെ സുഖോയി എസ്.യു 35 പോര് വിമാനങ്ങള്‍ സ്വന്തമാക്കുക എന്നത്. ഈ വിമാനങ്ങള്‍ ഓരോന്നിനും 50 മില്യണ്‍ ഡോളറിലധികം വില വരും. നിലവില്‍ ഉത്തര കൊറിയയ്ക്കുള്ളത് സോവിയറ്റ യൂണിയന് കാലത്ത് സമ്പാദിച്ച കുറേ പോര് വിമാനങ്ങളാണ് .കൂടാതെ തദ്ദേശീയമായി നിര്‍മിച്ച ചോസോന്‍ പോലുള്ള വിമാനങ്ങളുമുണ്ട്. ആധുനിക ചൈനീസ് പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം നടക്കുന്നില്ല, അത് കൊറിയന്‍ ഉപഭൂഖണ്ഡത്തെ അസ്ഥിരപ്പെടുത്തുമെന്ന് ചൈന ഭയക്കുന്നതാണ് കാരണം. ആ വഴി അടഞ്ഞ നിലയ്ക്കാണ് ഉത്തര കൊറിയ മോസ്കോയിലേക്ക് ശ്രദ്ധ തിരിച്ചത്.
റഷ്യയിലെ അഞ്ചു സൈനിക മേഖലകളില്‍ ഉത്തര കൊറിയന്‍ സൈനികര്‍ക്ക് പരിശീലനം നല്കി വരികയാണ്. പക്ഷേ, ഉത്തര കൊറിയന്‍ സൈനികര്‍ നേരിട്ടുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്നു എന്ന ആരോപണം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്ട്ര യുദ്ധങ്ങളില്‍ ഉത്തര കൊറിയ ചെറുസംഘം സൈനികരെ അയക്കുന്നത് പതിവാണ്. പക്ഷേ വലിയ സൈനികസംഘത്തെ അയക്കുന്നത് ഇതാദ്യമാണ്. അമേരിക്കയും ജപ്പാനുമായി ദക്ഷിണകൊറിയയുടെ സൈനിക സഹകരണം വര്‍ധിക്കുന്നതു സംബന്ധിച്ച സംഘര്‍ഷം കൂടുന്നതിനിടയ്ക്കാണ് ഈ സൈനികനീക്കം. സോളില്‍ ഫ്രഞ്ച് നയതന്ത്രജ്ഞനയിരുന്ന ഉത്തര കൊറിയാ വിദഗ്ധന്‍ പാസ്ക്കല്‍ ഡേയെസ് ബര്‍ജന്‍ യുദ്ധം ആഗോളതലത്തിലെ സുരക്ഷാസംവിധാനത്തിന് പെട്ടെന്നു എന്തെങ്കിലും ഭീഷണിയാവുമെന്ന് കരുതുന്നില്ല.
ഉത്തര കൊറിയന്‍ സൈനികരെ കുര്‍സ്ക് മേഖലയില്‍ വിന്യസിച്ചേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇക്കഴിഞ്ഞ ആഗസ്തില്‍ അപ്രതീക്ഷിത ആക്രമണത്തില്‍ യുക്രൈന് പിടിച്ചെടുത്ത റഷ്യന്‍ ഭൂപ്രദേശമാണിത്. യുക്രൈന് മണ്ണില്‍ കൊറിയന്‍ പട്ടാളത്തെ ഇറക്കിയാലല്ലേ പ്രശ്നമുള്ളൂ, റഷ്യന്‍ മണ്ണില്‍ ഇറക്കിയാല്‍ തെറ്റില്ലല്ലോ എന്നതാണ് ന്യായം. ഇവിടെ നഷ്ടപ്പെട്ട ഭൂഭാഗങ്ങളില്‍ പകുതിയും റഷ്യ തിരിച്ചു പിടിച്ചു കഴിഞ്ഞു. എങ്കിലും ഇവിടെ കൂടുതല്‍ ആള്‍ബലം ആവശ്യമുണ്ട്. റഷ്യയുമായി സമാധാനക്കരാര്‍ ഉണ്ടാക്കുന്ന കാലത്ത് കുര്‍സ്ക് വിലപേശാന്‍ ഉപയോഗിക്കാമെന്ന് സെലെന്‍സ്കി കരുതിയിരുന്നു. ആ പ്രതീക്ഷ മിക്കവാറും ഇല്ലാതാവുന്ന സ്ഥിതിയാണ്.

മരിച്ചുവീഴുന്ന സൈനികരും ജനസംഖ്യായുദ്ധവും
2022-ല്‍ യുദ്ധമാരംഭിച്ചശേഷം യുക്രൈനിന്റെ 80,000 സൈനികര്‍ മരിക്കുകയും നാലുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധത്തില്‍ ഇതിനകം ഒരുലക്ഷത്തി പതിനയ്യായിരം റഷ്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ഒരു കണക്ക്. അഫ്ഗാനിസ്ഥാന് യുദ്ധത്തില്‍ മരിച്ച സോവിയറ്റ് സൈനികരുടെ പത്തിരട്ടിയാണിത്. ബിബിസിയുടെ റഷ്യന്‍ സര്‍വീസും റഷ്യയിലെ സ്വതന്ത്ര വെബ്സൈറ്റ് ആയ മീഡിയസോണിയും ചേര്‍ന്ന് 74,000-ത്തിലധികം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൈനികര്‍ക്കു പുറമേ ആയിരക്കണക്കിന് സാധാരണക്കാരും മരിച്ചിട്ടുണ്ട്. യുക്രൈനിനെ അപേക്ഷിച്ച് റഷ്യയില്‍ സിവിലിയന്‍ മരണങ്ങള് വളരെ കുറവാണ്. അത് സ്വാഭാവികവുമാണ്. യുദ്ധം നടക്കുന്നത് റഷ്യന്‍ ഭൂപ്രദേശങ്ങളിലല്ലല്ലോ.
സര്‍ക്കാരുകള്‍ പുറത്തുവിടുന്ന കണക്കുകളും അവകാശവാദങ്ങളും വെച്ചു വേണം യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ കണക്കെടുക്കാന്‍. പലപ്പോഴും അവ കൃത്യമാവണമെന്നില്ല. പുറത്തു വരുന്ന കണക്കുകള്‍ ഭൂരിഭാഗവും പാശ്ചാത്യ മാധ്യമങ്ങളുടേതാണ്. ജൂലായില്‍ എക്കണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് 4,62,000 ത്തിനും 7,28,000-ത്തിനും ഇടയ്ക്ക് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ പിടികൂടപ്പെടുകയോ ചെയ്തുവെന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുദ്ധത്തില്‍ മരിച്ച റഷ്യക്കാരുടെ മൊത്തം എണ്ണത്തെക്കാള്‍ കൂടുതലാണ് ഇതെന്നും ഇക്കണോമിസ്റ്റ് അവകാശപ്പെടുന്നു. പക്ഷേ പുതിന് പറയുന്നത് യുക്രൈനിന്റെ ആള്‍നാശം റഷ്യയുടേതിന്റെ അഞ്ചിരട്ടിയാണെന്നാണ്. അവര്‍ക്ക് മാസം 50,000 സൈനികരെ നഷ്ടപ്പെടുന്നതായി റഷ്യ അവകാശപ്പെടുന്നു. അതിശയോക്തി കലര്ന്നവയാകാം അവകാശവാദങ്ങളെങ്കിലും മരണക്കണക്കുകള്‍ ഭയാനകമാണ്. പ്രത്യേകിച്ചും, ജനസംഖ്യാനിരക്ക് പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നവയാണ് ഇരുരാജ്യങ്ങളും എന്നതിനാല്‍.
ഏതാണ്ട് പതിനാലര കോടിയാണ് റഷ്യയുടെ ജനസംഖ്യ. അതിന്റെ നാലിലൊന്നേ വരൂ യുക്രൈനിലേത്. 2022-ന്റെ തുടക്കത്തില്‍ നാലു കോടി ജനങ്ങള്‍ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം 60 ലക്ഷം പേര് നാടുവിട്ടോടി. നിലവിലെ ജനസംഖ്യ രണ്ടരക്കോടിക്കു മേലാണ് എന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ജനനത്തിന്റെ മൂന്നരട്ടിയായിരുന്നു മരണങ്ങള്- രണ്ടു ലക്ഷം മരണങ്ങള് ഉണ്ടായപ്പോള്‍ ജനനം വെറും 87,000 മാത്രം. മുന്‍വര്‍ഷത്തെക്കാള്‍ ഒന്‍പതു ശതമാനം കുറവ്. അതിനാല്‍ നിര്‍ബന്ധിത സൈനികസേവനത്തില്‍ നിന്നും പതിനെട്ടിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ളവരെ യുക്രൈന് ഒഴിവാക്കിയിരിക്കുകയാണ്. (അവിടെ പട്ടാളത്തില്‍ ചേരാനുള്ള പ്രായം 25-നും 60-നും മധ്യേയാണ്.)
അതേസമയം, പിടിച്ചെടുക്കുന്ന യുക്രൈന് മേഖലകളെ 'റഷ്യവല്ക്കരിച്ച്' രാജ്യത്തിന്റെ ജനസംഖ്യ കൂട്ടുന്ന ശ്രമത്തിലാണ് പുതിന്. 2014-ല്‍ ക്രൈമിയ പിടിച്ചെടുത്തപ്പോള്‍ അവിടുത്തെ 24 ലക്ഷം ജനങ്ങളെ കൂടി റഷ്യന്‍ പൗരന്മാരാക്കി. കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ റഷ്യ നൂറുകണക്കിന് യുക്രൈന് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായും അവരെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. ഇതും പുടിന്റെ ജനസംഖ്യായുദ്ധത്തിന്റെ ഭാഗമാണത്രെ.

മുന്‍തൂക്കം റഷ്യയ്ക്കു തന്നെ
റഷ്യയുമായുള്ള യുദ്ധത്തില്‍ ഇത്രയും കാലം പിടിച്ചുനില്‍ക്കാനായെങ്കിലും അതിവേഗം ക്ഷീണിക്കുകയാണ് യുക്രൈന് പട. ആള്‍നാശം അവരെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമാണ്. യുദ്ധം ദീര്‍ഘനാള്‍ ചെയ്യാനുള്ള സാമ്പത്തികവും സൈനികവുമായ അടിത്തറ ഇല്ലാത്തതാണ് മറ്റൊന്ന്. റഷ്യന്‍ സൈനികര്‍ സ്വന്തം ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ യുക്രൈന് തങ്ങളുടെ പക്കലുള്ള അത്യാധുനിക പാശ്ചാത്യ ആയുധങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്ത അവസ്ഥയാണ്. ഇനിയും ഒന്നുരണ്ടു വര്‍ഷം കൂടി യുദ്ധം തുടരാനുള്ള ശേഷി റഷ്യയക്കുണ്ട്. പശ്ചിമേഷ്യാ പ്രതിസന്ധി രൂക്ഷമായതോടെ, പാശ്ചാത്യര്‍ക്ക് യുക്രൈന് മുന്‍ഗണനാവിഷയം അല്ലാതാവുകയും ചെയ്തു. ട്രംപ് എത്തുക കൂടി ചെയ്താല്‍ ആരുണ്ടാവും പാവം യുക്രൈനൊപ്പം എന്നത് കണ്ടറിയണം. മേലു നോവുന്ന ഒരു പരിപാടിക്കും യൂറോപ്യനെയും അമേരിക്കനെയും കിട്ടില്ല!
സൈനികരുടെ മരണസംഖ്യ ഏറുമ്പോള്‍ റഷ്യന്‍ ജനത അസംതൃപ്തരായി തെരുവിലിറങ്ങുമെന്ന പ്രതീക്ഷയായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍ക്കും യുക്രൈനും. പക്ഷേ, അത് തീരെ ഉണ്ടായില്ല എന്നുവേണം കരുതാന്‍. (റഷ്യയെ മനസ്സിലാക്കുന്നതില്‍ യൂറോപ്പ് പരാജയപ്പെടുന്നത് ഇതാദ്യമല്ല.) മാസം തോറും മുപ്പതിനായിരം പുതിയ സൈനികരെയാണ് അവര്‍ റിക്രൂട്ട് ചെയ്യുന്നത്. ആള്‍നാശത്തെക്കുറിച്ച് ഉത്കണ്ഠ ഇല്ലാത്തതുപോലെയാണ് റഷ്യ പെരുമാറുന്നതെന്ന് പാശ്ചാത്യ വിദഗ്ധര്‍ പരിതപിക്കുന്നു. കുറഞ്ഞത് ആയിരം പേര് വീതം ദിവസവും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. കണക്കുകള്‍ പ്രകാരം റഷ്യന്‍ സൈന്യത്തിന് ഏറ്റവും മാരകമായ മാസമായിരുന്നു സെപ്റ്റംബര്‍. പക്ഷേ, നാട്ടില്‍ കാര്യമായ അതൃപ്തി ഉണ്ടാക്കുകയോ പുതിയ ആള്‍ക്കാരെ സൈന്യത്തില്‍ ചേര്‍ക്കുന്നതിന് തടസ്സം ആവുകയോ ചെയ്തിട്ടില്ല.
Key Points:
- North Korea is sending thousands of troops to assist Russia in the Ukraine war.
- The deployment of North Korean troops raises concerns about a further escalation of the conflict.
- Ukraine and Western nations are alarmed by the involvement of North Korea.
- The potential for a longer and more intense war with North Korea`s participation is concerning.
- The move is believed to be based on a pact made between Russia and North Korea.
Content Highlights: North Korean troops reportedly deployed to Russia, escalating the conflict in Ukraine
Published: 29 Oct 2024, 08:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented