പന്തളം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. തിങ്കളാഴ്ച വൈകിട്ട് 6.30ന് പന്തളം രാജകൊട്ടാരത്തില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് പത്മകുമാറിനെതിരേ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. 

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ബോധപൂര്‍വം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ഭക്തരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്. പന്തളം കൊട്ടാരം പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു പത്മകുമാര്‍. 

പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കാന്‍ ദേവസ്വം പ്രസിഡന്റ് തയ്യാറായില്ല. എന്നാല്‍ പ്രതിഷേധ നടപടി ശരിയായില്ലെന്നും അയ്യപ്പധര്‍മ്മത്തിന് അനുകൂലമല്ലെന്നും പന്തളം കൊട്ടാരത്തിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായാണ് ദേവസ്വം പ്രസിഡന്റ് എത്തിയതെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ വ്യക്തമാക്കി. സംഭവത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹകസമിതി പ്രതിഷേധിച്ചു.