യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം (Photo: Screengrab/ Mathrubhumi News), ഡോക്യുമെന്ററി പ്രദർശനം (Photo: Mathrubhumi)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യുവജനസംഘടനകളുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യുവമോർച്ച. തിരുവനന്തപുരം മാനവീയം വീഥിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിയിരുന്നു. അടച്ചിട്ട മുറികളിലും ക്ലാസ് മുറികളിലും ഒക്കെയായിരുന്നു പ്രദർശനം. തിരുവനന്തപുരത്ത് വൈകുന്നേരം പൊതുപരിപാടിയായി മാനവീയം വീഥിയിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു. പ്രദർശനം ആരംഭിച്ചപ്പോൾ തന്നെ യുവമോർച്ച പ്രവർത്തകർ പ്രകടനമായി എത്തി. ഇത് പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ ഡോക്യുമെന്ററി കണ്ടുകൊണ്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ യുവമോർച്ച പ്രകടനത്തിന് നേരെ പാഞ്ഞടുത്തു. ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന തലത്തിലേക്ക് സംഭവം നീങ്ങിയപ്പോൾ പോലീസ് യുവമോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. അതേസമയം ഡോക്യുമെന്ററിയുടെ പ്രദർശനം യൂത്ത് കോൺഗ്രസ് പുനരാരംഭിച്ചിട്ടുണ്ട്.
പൂജപ്പുരയിൽ ഡോക്യുമെന്ററിയുടെ പ്രദർശനം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ആറ് മണിക്കാണ് പ്രദർശനം. ഈ പ്രദർശനം എങ്ങനേയും തടയുമെന്ന് യുവമോർച്ച വ്യക്തമാക്കി.
അതേസമയം കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നിഷേധിച്ചിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ട് പറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വെച്ച് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായിരുന്നു എസ്.എഫ്.ഐ. തീരുമാനം. അനുമതി നിഷേധിച്ചതിന് പിന്നാലെ എം.സി.ജെയുടെ സെമിനാർ ഹാളിന് പുറത്തുള്ള വരാന്തയിലായിരുന്നു പ്രദർശനം നടന്നത്.
കാസർകോട് കേന്ദ്ര സർവകലാശാല ക്യാമ്പസിനകത്തും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്യാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാകില്ലെന്ന് വൈസ് ചാൻസലർ എസ്.എഫ്.ഐ. പ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസിന് വെളിയിൽ വെച്ച് പ്രദർശിപ്പിക്കാനാണ് തീരുമാനം.
സംസ്ഥാന വ്യാപകമായി മോദിക്കെതിരേയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിവിധയിടങ്ങളിൽ ഇതിനകം തന്നെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു കഴിഞ്ഞു. പലയിടങ്ങളിലും ബി.ജെ.പി. പ്രതിഷേധിച്ചു.
Content Highlights: yuva morcha protest against bbc documentary screening in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..