തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ശബരിമല വിഷയത്തില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന എ.എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

കവടിയാറില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലീസ് തടഞ്ഞു.  ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍  പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ ശബരിമല വിഷയത്തില്‍ കഴിഞ്ഞ ഏഴു ദിവസമായി നിരാഹാര സമരം നടത്തുകയാണ്.

content highlights: yuva morcha conducts cliff house march