കോഴിക്കോട്: ഒരു ഇടവേളയ്ക്കുശേഷം മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തിന് ഒരിക്കല്‍ക്കൂടി ജീവന്‍ നല്‍കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. യൂത്ത്ലീഗ് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയും കെ.ടി ജലീലിന്റെ ബ്ലാക് മെയിലിങ്ങില്‍ ഭയന്നിട്ടാണെന്ന് ഫിറോസ് ആരോപിച്ചു. ബ്ലാക്മെയില്‍ ചെയ്തത് സംബന്ധിച്ച് കൃത്യമായ വിവരം യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ട്. അത് ഉടന്‍ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബന്ധു നിയമന വിവാദത്തിന് ഒരിക്കല്‍ക്കൂടി തീക്കൊളുത്തി സജീവമാക്കാനുള്ള നീക്കം.

ന്യൂനപക്ഷ ധനകാര്യ വികസ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി മന്ത്രി കെ.ടി ജലീല്‍ തന്റെ ബന്ധു അദീപിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചൂവെന്നതായിരുന്നു യൂത്ത് ലീഗ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണം. ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇനിയും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് ലീഗ് ആരോപണം ഉന്നയിച്ച സമയത്ത് ശബരിമല യുവതീ പ്രവേശന വിഷയമടക്കം സജീവമായി വന്നതോടെ വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധു നിയമന വിവാദത്തിനും സമരങ്ങള്‍ക്കും ചൂടാറുകയും ചെയ്തു.

വിഷയത്തില്‍ വിജിലന്‍സിന് പരാതി കൊടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടും അന്വേഷണം പ്രഖ്യാച്ചിരുന്നുമില്ല. തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് വിവാദം വീണ്ടും സജീവമാക്കി  നിര്‍ത്താന്‍ യൂത്ത്ലീഗ് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം വിവരാവകാശ നിയമപ്രകാരം വിജിലന്‍സിനോട് ആരാഞ്ഞെങ്കിലും പരാതി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ട് എന്ന് മാത്രമാണ് മറുപടി ലഭിച്ചതെന്ന് പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കോടതി വിധി പ്രതികൂലമായി ബാധിക്കും എന്ന് ഭയന്നാണ് കോടതിയെ സമീപിച്ചോളൂ എന്ന മറുപടി പോലും മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കാത്തത്. ജലീല്‍ തങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്തില്ല എന്നാണ് മറുപടിയെങ്കില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം തുറന്ന് പറയാന്‍ തയ്യാറാവണമെന്നും പി.കെ. ഫിറോസ് പറഞ്ഞു.

Content Highlights: Nepotism, KT Jaleel, PK Firoz