കോഴിക്കോട്: 2018 ലെ വാട്സ്ആപ്പ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍ നിര്‍മ്മാണത്തിനായി പിരിച്ച തുകയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ പുറത്തുവിട്ട കണക്കുകളില്‍ അവ്യക്തയുണ്ടെന്ന് ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. മന്ത്രിക്ക് പണം മുക്കാം എഫ്ബി പോസ്റ്റ് മുക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

" മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍ 2018 ഏപ്രില്‍ 18 ന് മന്ത്രിയുടെ ഫെയിസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനിട്ടിനുള്ളില്‍ പിരിഞ്ഞു കിട്ടി എന്നാണ്. ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി? മന്ത്രി എന്ന നിലക്ക് അവരെ ഒക്കെ വിളിച്ച് സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ?", ഫിറോസ് ചോദിച്ചു. 

പി.കെ.ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മന്ത്രി കെ.ടി ജലീല്‍ വാട്‌സ്അപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ പിരിവിന്റെ കണക്ക് ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. അതിനായുള്ള മന്ത്രിയുടെ മറുപടി കണ്ടു. അതില്‍ മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍ 2018 ഏപ്രില്‍ 18 ന് മന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനിട്ടിനുള്ളില്‍ പിരിഞ്ഞു കിട്ടി എന്നാണ് (സ്‌ക്രീന്‍ഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു). ബാക്കി പണമൊക്കെ ഇപ്പോള്‍ എവിടെ പോയി? മന്ത്രി എന്ന നിലക്ക് അവരെ ഒക്കെ വിളിച്ച് സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ?

ഏത് പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ശേഖരിച്ചതെന്ന ചോദ്യത്തിന് ഞാന്‍ പണമൊന്നും പിരിച്ചിട്ടില്ലെന്നും എം.എല്‍.എ വി.അബ്ദുറഹ്മാന്റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. ഒരു ഫണ്ട് ശേഖരണം എങ്ങിനെയാണ് എം.എല്‍.എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ശേഖരിക്കുന്നത്? ഇതിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നല്ലേ മന്ത്രി തന്നെ മുമ്പ് പറഞ്ഞത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ മാത്രമല്ല സഹപ്രവര്‍ത്തകനെയും വീഴ്ത്താനല്ലേ ഇതു കൊണ്ട് സാധിച്ചത്.

ബന്ധു നിയമനമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടപ്പോള്‍ തടസ്സം നിന്ന മന്ത്രി കെ.ടി ജലീലിന്, ഒരു രൂപ പോലും മുക്കിയിട്ടില്ല എന്നുറപ്പുള്ള ഇക്കാര്യത്തിലെങ്കിലും ഒരു വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?

Content Highlights: Youth league leader P K Firos against K T Jaleel