എടപ്പാള്‍: ട്രെയിലറിനുള്ളില്‍ക്കുടുങ്ങി സ്‌കൂട്ടര്‍യാത്രികനായ യുവാവ് മരിച്ചു. വട്ടംകുളം പോട്ടൂര്‍ കളത്തിലവളപ്പില്‍ ഷുഹൈബ് (26) ആണ് ശനിയാഴ്ച വൈകീട്ട് 5.30-ഓടെ അപകടത്തില്‍പ്പെട്ടു മരിച്ചത്. എടപ്പാളില്‍നിന്ന് കുമരനെല്ലൂരിലേക്ക് പോകവേ വട്ടംകുളം വില്ലേജ് ഓഫീസിനടുത്തുള്ള പള്ളിക്കുമുന്‍പിലായിരുന്നു അപകടം.

മുന്നില്‍പ്പോകുകയായിരുന്ന ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ എതിരേ വാഹനംവന്നതോടെ ലോറിക്കടിയിലേക്കു വീഴുകയായിരുന്നുവെന്നാണ് സൂചന. വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ചുപോയിരുന്നു. തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണം.പരിസരത്തെ റേഷന്‍കടയിലുണ്ടായിരുന്ന റാഫ് താലൂക്കംഗം കൂടിയായ ദാസ് കുറ്റിപ്പാലയുടെ നേതൃത്വത്തില്‍ ഷുഹൈബിനെ എടപ്പാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുമരനെല്ലൂരിലെ വി. കെയര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു ഷുഹൈബ്.


പിതാവ്: കുഞ്ഞുമുഹമ്മദ്, മാതാവ്: സുഹ്റ, സഹോദരങ്ങള്‍: സുഹൈല, സുഹൈദ. എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതശരീരം പരിശോധനയ്ക്കുശേഷം ഞായറാഴ്ച ഖബറടക്കും.