ശ്യാമിൽ ജേക്കബ് സുനിൽ
കളമശ്ശേരി: ജല അതോറിറ്റി, റോഡ് വെട്ടിപ്പൊളിച്ച കുഴിയില്‍വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കങ്ങരപ്പടി വയനക്കോട് വളവിനുസമീപം പുത്തന്‍പുരയ്ക്കല്‍ (അനുഗ്രഹ) വീട്ടില്‍ സുനില്‍ ജേക്കബിന്റെ മകനാണ് ശ്യാമില്‍ ജേക്കബ് സുനില്‍ (21) ആണ് മരിച്ചത്.
ശ്യാമില്‍ വ്യാഴാഴ്ച രാത്രി 11.42 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ പത്തരയോടെ മരിച്ചു. കളമശ്ശേരി എല്‍.ബി.എസ്. സെന്ററില്‍ പി.ജി.ഡി.സി.എ. വിദ്യാര്‍ഥിയാണ്. അമ്മ: ഡോ. ജെസി ഉതുപ്പ് (ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, മുളന്തുരുത്തി). സഹോദരന്‍: സച്ചിന്‍ ജോസഫ് സുനില്‍ (എസ്.സി.എം.എസ്. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥി). സംസ്‌കാരം പിന്നീട്.
ഇടപ്പള്ളി - പുക്കാട്ടുപടി റോഡില്‍ മുണ്ടംപാലത്തിന് സമീപമാണ് ശ്യാമിലിന്റെ ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടത്. ഇവിടെ രണ്ടാഴ്ച മുമ്പ് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പൈപ്പ് നന്നാക്കാനായി ജല അതോറിറ്റി ജീവനക്കാര്‍ റോഡ് വെട്ടിപ്പൊളിച്ചു. 10 അടിയോളം നീളത്തിലും രണ്ടടി മുതല്‍ അഞ്ചടി വരെ വീതിയിലുമാണ് റോഡ് വെട്ടിപ്പൊളിച്ചത്. കട്ട വിരിച്ച റോഡാണ് വെട്ടിപ്പൊളിച്ചത്.
പൈപ്പ് നന്നാക്കിയ ശേഷം വെട്ടിപ്പൊളിച്ച റോഡ് മണ്ണിട്ട് നികത്തി. എന്നാല്‍, കട്ടവിരിച്ച് ശരിയാക്കിയില്ല. നികത്തിയ സ്ഥലം റോഡിനേക്കാള്‍ അരയടിയോളം താഴ്ചയിലായിരുന്നു. ഈ കുഴിയില്‍ ചാടിയതാണ് ശ്യാമിലിന് അപകടമായത്. ഇവിടെ അപായസൂചന നല്‍കുന്ന റിബണ്‍ കെട്ടുകയോ ഇത്തരത്തില്‍ മറ്റ് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുകയോ ഒന്നും ചെയ്തിരുന്നില്ല.
അപകടത്തില്‍ യുവാവ് ഗുരുതരാവസ്ഥയിലായ വിവരം അറിഞ്ഞ് ജല അതോറിറ്റി ജീവനക്കാര്‍ വെട്ടിപ്പൊളിച്ച സ്ഥലത്ത് കൂടുതല്‍ മണ്ണിട്ട് അതിനു മുകളില്‍ കട്ട വിരിച്ചു. കട്ട വിരിച്ചത് ആവശ്യമായത്ര മണ്ണിട്ട് ഉറപ്പിക്കാതെയാണെന്നും ഈ റോഡിലൂടെ ടോറസ് ഉള്‍പ്പെടെ നിരവധി വലിയ വാഹനങ്ങള്‍ പോകുന്നുണ്ടെന്നും ഇപ്പോള്‍ കട്ട വിരിച്ചിടം ഒരാഴ്ചക്കുള്ളില്‍ വീണ്ടും കുഴിയാകുമെന്നും ഇനിയും അപകടം ഉണ്ടാവുമെന്നും സമീപവാസികള്‍ പറയുന്നു.
Content Highlights: youth dies in accident at place where water authority restored road after pipeline maintenance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..