കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന്‌ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ്‌ പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ മുന്‍വൈരാഗ്യമാണ് കൃപേഷിന്റേയും ശരത്‌ലാലിന്റെയും ദാരുണ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. 

കൃപേഷിന്റെ തല പതിമൂന്ന് സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് പിളര്‍ന്ന നിലയിലാണ്. കാലുകളില്‍ പത്തിലധികം മുറിവുകളുണ്ട്. ശരത്‌ലാലിന്റെ കഴുത്തില്‍ ഇരുപത്തിമൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ട്. ശരത്തിന്റെ തല വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. വാളുപയോഗിച്ചുള്ള വെട്ടേറ്റാണ് പരിക്കെന്ന് ഇന്‍ക്വസ്റ്റ് പരിശോധയില്‍ തെളിഞ്ഞു. 

തല പിളര്‍ന്ന കൃപേഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. മുന്നാട് കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള സംഭവങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശരത്‌ലാല്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നാട്ടിലെ ഉത്സവത്തിന്റെ സംഘാടകപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. 

രാഷ്ട്രീയ വൈരാഗ്യവും ഗൂഢാലോചനയും കൊലപാതകത്തിന് പിന്നിലുണ്ട്‌. തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. രാത്രി 7.30 ഓടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തുകയും വെട്ടി വീഴ്ത്തുകയുമാണുണ്ടായത്. വെട്ടേറ്റെങ്കിലും 15 മീറ്ററോളം ഓടിയ കൃപേഷിനെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത നിന്ന് വടിവാളിന്റെ പിടി പോലീസ് കണ്ടെത്തിയിരുന്നു. 

 

Content Highlights: Youth Congress Workers' Murder- Periya Kasarkode