പ്രതീകാത്മക ചിത്രം | PTI
തൃശ്ശൂര്‍: സ്വന്തം പടം പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന പതിവില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിനെ മോചിപ്പിച്ചിരിക്കുകയാണ് തൃശ്ശൂരിലെ ജില്ലാ നേതൃത്വം. നേതാക്കളുടെ ചിത്രങ്ങള്‍ കുത്തിനിറച്ചുള്ള ഫ്‌ളക്സുകള്‍ക്കും ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും രണ്ടുവര്‍ഷമായി ഇവിടെ നിരോധനമാണ്.
'ചിത്രപ്രദര്‍ശന'ത്തിനപ്പുറം പ്രവര്‍ത്തിക്കാന്‍ വേറൊരു ലോകമുണ്ടെന്ന് ഇവര്‍ തെളിയിച്ചു തുടങ്ങി. ഒരു പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിന്തിക്കാന്‍ പോലും പ്രയാസമുള്ള കാര്യം. ആര്‍ക്കും പരാതിയില്ല, നേതാക്കള്‍ക്ക് ടെന്‍ഷനില്ല, പങ്കാളിത്തത്തിന് കുറവുമില്ല.
ചിത്രവും പേരും അച്ചടിച്ച് വരാന്‍ മാത്രമുള്ള പത്രപ്രസ്താവനകളും ഉണ്ടാവാറില്ല. 2020 മാര്‍ച്ചില്‍ അധികാരമേറ്റ ജില്ലാ കമ്മിറ്റിയാണ് ഫോട്ടോ വച്ചുള്ള 'സ്വയം വിപണനം' പ്രോത്സാഹിപ്പിക്കേണ്ട എന്ന് തീരുമാനിച്ചത്.
കോവിഡ് കാലം കഴിഞ്ഞ് വന്ന ആദ്യ പരിപാടി 'യുണൈറ്റഡ് ഇന്ത്യ' എന്ന പദയാത്രയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു എന്നല്ലാതെ അദ്ദേഹത്തിന്റെ പോലും ചിത്രം പോസ്റ്ററുകളില്‍ ഉണ്ടായില്ല. പകരം ഗാന്ധിജി, നെഹ്രു എന്നിവരുടെ ചിത്രങ്ങള്‍ മാത്രം.
പിന്നീട് നടന്ന ചിന്തന്‍ ശിബിരത്തില്‍ ഗാന്ധിജി, നെഹ്രു, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത്സിങ്, സര്‍ദാര്‍ പട്ടേല്‍, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവരുടെ ചിത്രങ്ങള്‍.
അധികാരമേറ്റെടുത്ത് രണ്ടുകൊല്ലം പിന്നിട്ടിട്ടും ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷിന്റെയോ മറ്റുഭാരവാഹികളുടേയോ ഫോട്ടോയുള്ള ഫ്‌ളക്സുകള്‍ എങ്ങും ഉണ്ടായില്ല.
എന്നാല്‍ കോണ്‍ഗ്രസിലോ യുഡി.എഫിലോ സ്ഥിതി മറിച്ചാണ്. കെ-റെയിലിന് എതിരേ നടത്തിയ സമരത്തിന്റെ പോസ്റ്ററില്‍ നിരന്നു നിന്നത് 16 മുഖങ്ങളായിരുന്നു.
യഥാര്‍ഥത്തില്‍, സംസ്ഥാന കമ്മിറ്റി തന്നെ ഇത്തരമൊരു നിര്‍ദേശം ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കിയിരുന്നെങ്കിലും മറ്റാരും വകവെച്ചില്ല.
Content Highlights: Youth congress Thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..