അയ്മനം സിദ്ധാർത്ഥൻ സിനിമയിലെ ഭാഗം,യൂത്ത് കോൺഗ്രസ് പതാക
കണ്ണൂര്‍: സംഘടനയെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്വയം വിമര്‍ശനങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രമേയം.
സംഘടന നടത്തിയ പോരാട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും സംഘടനാ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന ഉദാസീനതയില്‍ മോചനം ഉണ്ടാവാതെ അതിജീവനം സാധ്യമല്ല. അപൂര്‍ണ്ണമായ സംഘടനാ ഘടനയാണ് ഏറ്റവും വലിയ ഭീഷണിയെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ചിന്തന്‍ ശിബരത്തില്‍ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി.
വിജയകരമായി ഉത്തരവാദിത്തം നിര്‍വ്വഹിച്ചവരെ അംഗീകരിക്കുമ്പോള്‍ തന്നെയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മതിയായ നടപടികള്‍ ഉറപ്പുവരുത്തുകയും വേണം. സ്വയം വിമര്‍ശനത്തിന് താഴെത്തട്ടിലെ ഘടകങ്ങള്‍ക്ക് വേദിയില്ലെന്നത് ഗൗരവകരമാണ്. വിമര്‍ശനവും ആക്ഷേപവും രണ്ടാണെന്ന് തിരിച്ചറിവ് പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ടതുണ്ട്.
പരിപാടികളിലും മറ്റും ഉണ്ടാകുന്ന അച്ചടക്കരാഹിത്യവും ഫോട്ടോ മാനിയയും പ്രസ്ഥാനത്തേയും പോഷക സംഘടനകളേയും പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുന്നു. അയ്മനം സിദ്ധാര്‍ത്ഥന്‍മാരായി ജാഥാ മുഖങ്ങളില്‍ ക്യാമറ ആംഗിളിന് അനുസരിച്ച് കഴുത്ത് താളം പിടിക്കുന്ന പ്രവണ ഉപേക്ഷിക്കാന്‍ മനസ്സുണ്ടാവണം. പാര്‍ട്ടി വേദികളിലെ മുന്‍നിര കസേരക്കളി അത്യന്തം ലജ്ജാകരമാണ്.
വാര്‍ത്തകളില്‍ ശ്രദ്ധനേടാന്‍ കമ്മിറ്റികള്‍ അറിയാതെ നടത്തുന്ന ഒറ്റായാള്‍ സമരങ്ങളും സംഘടിത സമരങ്ങളിലെ വന്‍മാന്‍ ഷോയും അനുവദിക്കാനാകില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്ന നേതാവിന്റെ ചുറ്റിലും പിന്നിലും ഫ്രെയിമില്‍ ഇടംപിടിക്കാന്‍ നടത്തുന്ന ചെയ്തികള്‍ സംഘടനയെ അങ്ങേയറ്റം അപഹാസ്യമാക്കുന്നുവെന്നും പ്രമേയം വിലയിരുത്തി.
പരിപാടികളുടെ ഉദ്ഘാടന പട്ടങ്ങള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കുന്ന അതിരുവിട്ട ആവേശം യുവതലമുറയ്ക്ക് നേതാക്കള്‍ ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നു. പരിപാടികളില്‍ അതിഥികളായും ഉദ്ഘാടകരായും പരിഗണിക്കുന്നതില്‍ റൊട്ടേഷന്‍ സംവിധാനം കൊണ്ടുവരണം.
ദളിത് വിഷയങ്ങള്‍ ഏറ്റെടുക്കണം. പുനഃസംഘടനയില്‍ പ്രസ്ഥാനത്തിലേക്ക് നാമനിര്‍ദേശം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ പ്രവര്‍ത്തനക്ഷമതയിലും ഉത്തരവാദിത്തം കാണിക്കണം. പാര്‍ട്ടി നേതൃത്വത്തിലുള്ള ബാങ്കുകളിലും ത്രിതതല പഞ്ചാത്തുകളിലും ഇഷ്ടക്കാരേയും മറ്റു പാര്‍ട്ടിക്കാരേയും പരിഗണിക്കുന്ന വ്യവസ്ഥിതിക്ക് മാറ്റം വരുത്തണം. യൂത്ത് കോണ്‍ഗ്രസ് പ്രാതിനിധ്യം ഉറപ്പുവരുത്തണം-പ്രമേയം പറയുന്നു.
Content Highlights: Youth Congress resolution-self-criticism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..