പ്രതീകാത്മക ചിത്രം | PTI
തൃശ്ശൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സ്ഥിരം തോല്‍ക്കുന്നു എന്ന പേരില്‍ സീറ്റുകളെ എഴുതിത്തള്ളുന്ന ശൈലിക്ക് മാറ്റം വരുത്താന്‍ യൂത്ത് കോണ്‍ഗ്രസ്. മത്സരിക്കാന്‍ പോലും ആരും തയ്യാറാവാത്ത സീറ്റുകളെ ജയിക്കാവുന്ന തരത്തിലേക്ക് മാറ്റിയെടുക്കുന്ന പദ്ധതിക്കാണ് രൂപം കൊടുക്കുന്നത്. തൃശ്ശൂരില്‍ കഴിഞ്ഞദിവസം നടന്ന രണ്ടാം ചിന്തന്‍ ശിബിരത്തിലാണ് ഇതിന്റെ രൂപരേഖ ഉരുത്തിരിഞ്ഞത്.
സംസ്ഥാനത്തെ 832 മണ്ഡലം പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും മാത്രം പങ്കെടുത്ത യോഗത്തില്‍ ഈ ആശയത്തിന് വലിയ സ്വീകാര്യത കിട്ടി.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും നഗരസഭകളിലുമായി 21,908 സീറ്റുകളാണുള്ളത്. ഇതിന്റെ മൂന്നിലൊന്ന് എണ്ണത്തിലെങ്കിലും യൂത്ത്കോണ്‍ഗ്രസ് ജയിക്കുക എന്ന അജന്‍ഡയാണ് മുന്നോട്ടു വയ്ക്കുന്നത്. ഇതിനായി കോണ്‍ഗ്രസിന്റെ ദയാവായ്പിനു കാത്തുനില്‍ക്കേണ്ട സ്ഥിതി മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനാണ് രൂപരേഖ അവതരിപ്പിച്ചത്.
ചില സേവനപ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എഫ്.ഐ. യുടെ മാത്രം കുത്തകയെന്ന് സമൂഹം കാണുന്നുവെന്ന കാഴ്ചപ്പാട് മാറ്റാനുള്ള 'യൂത്ത് കെയര്‍'പദ്ധതി ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു ദിവസം അഞ്ചു പേര്‍ രക്തദാനം നടത്താനുള്ള ''ബി പോസിറ്റീവ് ' എന്നതാണിതില്‍ പ്രധാനം.
ഓഗസ്റ്റ് 20 മുതല്‍ ഒക്ടോബര്‍ 31 വരെ യൂണിറ്റ് കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ അവയ്ക്ക് രൂപം കൊടുക്കാനുള്ള തീവ്രപരിപാടിയാണ്. നവംബറില്‍ യൂണിറ്റ് തലം, ഡിസംബറില്‍ മണ്ഡലം തലം, ജനുവരിയില്‍ നിയമസഭാ മണ്ഡലം തലം, ഫെബ്രുവരി- മാര്‍ച്ച് ജില്ലാ തലം എന്നിങ്ങനെ സമ്മേളനങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനം ഏപ്രിലില്‍ തൃശ്ശൂരില്‍ നടക്കും. യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി കൃഷ്ണ അല്ലാവരു ചിന്തന്‍ ശിബിര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അധ്യക്ഷനായി. ഇപ്പോഴത്തെ പ്രളയജലം ഇറങ്ങും മുമ്പ് സില്‍വര്‍ലൈന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, വിദ്യ ബാലകൃഷ്ണന്‍, പി.എന്‍.വൈശാഖ്, ശ്രാവണ്‍ പ്രഭു, സിബി പുഷ്പലത, റിജില്‍ മാക്കുറ്റി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.
Content Highlights: Youth congress local body elections


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..