ഷാഫി പറമ്പിൽ, നേതാക്കൾ ദേശീയ നേതൃത്വത്തിന് അയച്ച കത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ആസൂത്രണം ചെയ്ത വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവരം ചോര്‍ന്നതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ആഭ്യന്തര കലാപം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരേ സംസ്ഥാന നേതാക്കള്‍ അഖിലേന്ത്യാ നേതൃത്വത്തിന് കത്തയച്ചു. യൂത്ത് കോണ്‍ഗ്രിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍നിന്ന് നിരന്തരം വിവരങ്ങള്‍ ചോരുന്നുവെന്നും ഷാഫി പറമ്പിലിന് ഗൗരവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും കത്തില്‍ ആക്ഷേപമുണ്ട്. കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ രഹസ്യമായി ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്യാനാകുന്നില്ല. തുടര്‍ച്ചയായി ഗ്രൂപ്പിലെ കാര്യങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കുന്നുവെന്നാണ് നേതാക്കളുടെ ആക്ഷേപം. ഇതുസംബന്ധിച്ച് ഷാഫി പറമ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഗൗരവത്തോടെ വിഷയം കാണുന്നില്ലെന്നും അതുകൊണ്ടാണ് ശബരീനാഥന്റെ വാട്‌സാപ്പ് ചാറ്റും പുറത്തേക്ക് വന്നതെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് അയച്ച കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിനെതിരേ വിമര്‍ശനം ഉന്നയിക്കുന്ന നിരപരാധികളായ ചിലരുടെ തലയില്‍ കുറ്റം കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ എന്തുതെറ്റ് ചെയ്താലും ഷാഫി അവരെ സംരക്ഷിക്കുകയാണെന്നും കത്തില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂര്‍, റിയാസ് മുക്കോളി, എസ്എം ബാലു തുടങ്ങി 12 നേതാക്കളാണ് ദേശീയ നേതൃത്വത്തിന് കത്തയച്ചത്.
Content Highlights: youth congress leaders complaint against shafi parambil


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..