രാഹുൽ മാങ്കൂട്ടത്തിൽ, ജെ.എസ്. അഖിൽ | Photo: Facebook/ Rahul Mamkootathil, JS Akhil
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ പോര്. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും ജെ.എസ്. അഖിലിനെ മത്സരിപ്പിക്കണമെന്ന് മറുവിഭാഗവും നിലപാടെടുത്തതോടെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാനാകാത്ത നിലയിലായി. ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എ ഗ്രൂപ്പ് യോഗം തര്‍ക്കത്തെ തുടര്‍ന്ന് അലസി പിരിഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി വാദിച്ചത്. സ്ഥാനം ഒഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ താല്‍പര്യം കൂടി പരിഗണിക്കണം എന്നതായിരുന്നു ഷാഫിയുടെ ആവശ്യം. എന്നാല്‍ കാലങ്ങളായി ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന അഖിലിനെ പിന്തുണയ്ക്കണമെന്ന നിലപാടാണ് എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബെഹനാനും കെ. ബാബുവും സ്വീകരിച്ചത്. നിലപാടില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്യാത്തതിനെ തുടര്‍ന്ന് വീണ്ടും യോഗം ചേരാനാണ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയത് ഈ മാസം 14 ആണ്.
അതിനുമുമ്പ് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്ന ധാരണയോടെയാണ് കഴിഞ്ഞ ദിവസത്തെ യോഗം പിരിഞ്ഞത്. ചാനല്‍ ചര്‍ച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും സജീവമായി ഇടപെടുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ത്തിക്കാട്ടാന്‍ ഷാഫി പറമ്പില്‍ ഉന്നയിച്ച വാദം. എന്നാല്‍, കെ.എസ്.യു. പ്രസിഡന്റ് സ്ഥാനം, എന്‍.എസ്.യു. പ്രസിഡന്റ് സ്ഥാനം എന്നിവ നല്‍കാതെ ഒഴിവാക്കിയിട്ടും ഗ്രൂപ്പ് വിട്ടുപോകാതെ നില്‍ക്കുന്ന അഖിലിന്റെ ആത്മാര്‍ഥതയാണ് മറുവിഭാഗം ഉയര്‍ത്തിക്കാണിക്കുന്നത്.
കാലങ്ങളായി ഗ്രൂപ്പിനൊപ്പം നില്‍ക്കുന്ന ആളിനെ തഴഞ്ഞ് അടുത്ത കാലത്ത് മാത്രം എ ഗ്രൂപ്പിനൊപ്പം കൂടിയ ആളിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അധ്യക്ഷസ്ഥാനത്തേക്ക് വിജയം ഉറപ്പിക്കാനാകില്ലെന്നാണ് പൊതു അഭിപ്രായം. അഖിലിന് പകരം കെ.എസ്.യു. മുന്‍ അധ്യക്ഷന്‍ അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കാമെന്ന ഉപാധി വന്നെങ്കിലും മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് അഭിജിത് സ്വീകരിച്ചത്. കെ.എസ്.യു. അധ്യക്ഷസ്ഥാനത്തേക്ക് അഭിജിത്തിന് വേണ്ടി അഖില്‍ നേരത്തെ പിന്മാറിയിരുന്നു.
Content Highlights: youth congress kerala state president rahul mamkootathil js akhil benni bahanan k babu km abhijith
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..