കോട്ടയം: 'പട്ടിണി കിടക്കാന്‍ ഇനിയും വയ്യ, ചാവാതിരിക്കാന്‍ ഒരു കാരണം പറയൂ' എന്ന തലക്കെട്ടിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ വൃദ്ധദമ്പതികളെക്കുറിച്ച് മാതൃഭൂമി അതിജീവനം പമ്പരയിൽ പ്രസിദ്ധീകരിച്ചിരുന്നു.  റേഷനരിയും കാന്താരി മുളകും കഴിച്ച് ജീവിതം നിലനിറുത്തിയിരുന്ന ഒറ്റപ്പെട്ടു പോയ വൃദ്ധദമ്പതികൾക്ക് സഹായപ്രവാഹങ്ങളാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. കോട്ടയം എരുമേലിയിൽ താമസിക്കുന്ന അബ്ദുൽ സലാമിന്റെയും ഭാര്യ ലൈലയുടെയും ദുരിത ജീവിതത്തിനാണ് അറുതിയായത്. 

ജീവിക്കാൻ നിർവാഹമില്ലാത്തതിനാൽ എല്ലാം അവസാനിപ്പിക്കാൻ പോവുകയാണെന്നാണ് അബ്ദുൽ സലാം അതിജീവനത്തിലൂടെ പറഞ്ഞത്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ സഹായിക്കാനായി ഒട്ടേറെ മനുഷ്യർ തയ്യാറായി. യൂത്ത് കോൺഗ്രസ് നേതാവ്‌ ചാണ്ടി ഉമ്മൻ ഇടപെട്ട് അടുത്ത ആറ് മാസത്തേക്ക് ഇവർക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കി. തുടർന്നും സഹായത്തിനായി കൂടെ ഉണ്ടാകുമെന്ന ഉറപ്പും യൂത്ത് കോൺഗ്രസ് നൽകി.

കോൺഗ്രസിന്റെ നേതൃത്വത്തിൽ എരുമേലിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് സഹായം പ്രഖ്യാപിച്ചത്. ഒരു മനുഷ്യനും പട്ടിണികിടക്കേണ്ട അവസ്ഥ വരരുതെന്നും അത്തരം വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ  ഇടപെടൽ ശ്ലാഘനീയമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത്തരം മനുഷ്യരുടെ ജീവിതം വെളിച്ചത്ത് കൊണ്ടുവരാൻ മാതൃഭൂമി കാണിക്കുന്ന ഇടപെടലുകളെയും ചാണ്ടി ഉമ്മൻ പ്രശംസിച്ചു. 

തന്റെ ജീവിതത്തിന് വെളിച്ചം തന്ന അതിജീവനം പരമ്പരയോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിരിക്കുന്നു എന്നും സമയോചിതമായ ഇടപെടലിന് യൂത്ത് കോൺഗ്രസ്സിനോട് നന്ദിയുണ്ടെന്നും സലാം പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോമിലെ അതിജീവനം എന്ന പരമ്പരയിലൂടെയാണ് 'പട്ടിണി കിടക്കാൻ ഇനിയും വയ്യ, ചാവാതിരിക്കാൻ ഒരു കാരണം പറയൂ' എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിച്ചത്. ഇതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്റെയും മറ്റും ഇടപെടലുണ്ടായത്.

Content Highlights: Youth congress helps Abdul salam and Laila lonely couple struggle for getting food