കൊച്ചി: വ്യാജ രേഖ ചമച്ച് ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. തൃശൂർ ചുവന്നമണ്ണ് കാരോത്ത് മംഗലത്ത് വീട്ടിൽ റിജോ വർഗീസി(35)ന് എതിരെയാണ് കേസ്. ബുധനാഴ്ച പുലർച്ചെ എത്തിഹാദ് വിമാനത്തിൽ പോകാനെത്തിയതായിരുന്നു ഇയാൾ. രേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ എമിഗ്രേഷൻ വിഭാഗം ഓഫ് ലോഡ് ചെയ്ത് പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഹാജരാക്കിയ ഓഫറിംഗ് ലെറ്റർ വ്യാജമാണെന്ന് തെളിഞ്ഞു.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുളള റിജോ ബൂസ്റ്റൺ കൺസൽട്ടിംഗ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ലറ്റർ വ്യാജമായി ഉണ്ടാക്കിയാണ് ടൂറിസ്റ്റ് വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായി യു.കെയിലേക്ക് ഉപരിപഠനത്തിന് പോകാൻ ശ്രമിച്ച എഴുപേരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.

പോലീസ് ഇൻസ്പെക്ടർ പി.എം ബൈജു, സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാജരേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും ഇവരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് എസ്പി കെ. കാർത്തിക്ക് പറഞ്ഞു. 

Content Highlights: Young man trying to go to France with forged documents booked by Police