മൊബൈൽ ടവറിന് മുകളിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന നിസാർ, മൊബൈൽ ടവറിന്റെ താഴെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വലവിരിച്ച് സുരക്ഷയൊരുക്കിയപ്പോൾ
സുല്‍ത്താന്‍ബത്തേരി: മൊബൈല്‍ ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി. ഫെയര്‍ലാന്‍ഡ് ചന്താര്‍ വീട്ടില്‍ നിസാര്‍ (32) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീടിനുസമീപത്തെ സ്വകാര്യ മൊബൈല്‍ ടവറിനുമുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്.
ടവറിനുമുകളില്‍നിന്ന് താഴെയിറങ്ങിയ യുവാവ് സമീപത്തെ വീടിനകത്തുകയറി ഒളിച്ചെങ്കിലും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി രക്ഷപ്പെടുത്തി. ബത്തേരി ടൗണില്‍ ഓട്ടോറിക്ഷാത്തൊഴിലാളിയായ നിസാര്‍ ഞായറാഴ്ച രാവിലെ കെ.എസ്.ആര്.ടി.സി. ഡിപ്പോ പരിസരത്തുവെച്ച് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് പിന്തിരിപ്പിച്ച ശേഷം ഇയാള്‍ മാതാവിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് ഫെയര്‍ലാന്‍ഡിലെ മൊബൈല്‍ ടവറിനുമുകളില്‍ കയറിയത്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും നിസാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
ടവറിന്റെ ഏറ്റവും മുകളിലെത്തിയ നിസാര്‍ വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞു. ടവറില്‍ സ്ഥാപിച്ച മിന്നല്‍രക്ഷാകവചത്തിന്റെ ചവിട്ടുപടിയില്‍ പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടെ അനുനയിപ്പിക്കുന്നതിനായി ഇയാളുടെ സുഹൃത്തുക്കളെയും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ടവറിനുമുകളിലേക്ക് കയറ്റി സംസാരിപ്പിച്ചു. എന്നാല്‍, കാര്യമുണ്ടായില്ല. ബത്തേരി അഗ്നിരക്ഷാസേനയ്ക്കുപുറമേ കല്പറ്റയില്നിന്ന് സേനയെത്തി ടവറിനുചുറ്റും വലവിരിച്ചുകെട്ടി സുരക്ഷയൊരുക്കി.
പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന നിസാര്‍, നാലുമണിയോടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം അബൂ താഹില്‍, എ.സി. ബൈജു എന്നീ മാധ്യമപ്രവര്‍ത്തകര്‍ ടവറിനുമുകളില്‍ കയറിയെങ്കിലും അപ്പോഴേക്കും ആവശ്യം മാറ്റി. എല്ലാവരും സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോയാല്‍ താഴേക്ക് ഇറങ്ങാമെന്നായി. അഗ്നിരക്ഷാസേന ധരിക്കാന്‍ മുണ്ടും ഷര്‍ട്ടും മൊബൈല്‍ ഫോണുമെല്ലാം എത്തിച്ചുകൊടുത്തു.
വൈകീട്ട് മഴയാരംഭിച്ചതോടെ താന്‍ ആത്മഹത്യ ചെയ്യാന്‍ കയറിയതല്ലെന്നും ആരാണ് എല്ലാവരെയും ഇങ്ങോട്ട് വിളിച്ചതെന്നുമായി നിസാറിന്റെ ചോദ്യം. പിന്നീട് നിസാറിന്റെ മൊബൈല്‍ഫോണിലേക്ക് ഉദ്യോഗസ്ഥര്‍ വിളിച്ച് അനുനയിപ്പിച്ചാണ് രാത്രി എട്ടുമണിയോടെ താഴെയിറക്കിയത്. താഴെയിറങ്ങിയ ശേഷം അഗ്നിരക്ഷാസേനയുടെ കൈയില്‍നിന്ന് കുതറിയോടി സമീപത്തെ വീട്ടില്‍ക്കയറി വാതിലടയ്ക്കുകയായിരുന്നു.
ബത്തേരി ഫയര്സ്റ്റേഷന് ഓഫീസര്‍ പി. നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ അകത്തെ കുളിമുറിയില്‍ നിസാറിനെ അവശനായി വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ബത്തേരി ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിയുടെ ഉപയോഗമാണോ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..