ആശുപത്രിയിൽ കഴിയുന്ന അബ്ദുൽ അസീസ്, അഖിൽ
നെടുങ്കണ്ടം: താഴ്ന്നുകിടന്നിരുന്ന വൈദ്യുതിലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ വയോധികനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് യുവാവ്. 11 കെ.വി. ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ബോധരഹിതനായി റോഡരികില്‍ കിടന്ന പുഷ്പകണ്ടം തടത്തില്‍ അബ്ദുല്‍ അസീസിന്റെ (70) ജീവനാണ് കൃത്യസമയത്ത് പ്രാഥമികശുശ്രൂഷ നല്കി അണക്കരമെട്ട് പുത്തന്‍ചിറയില്‍ അഖില്‍ രക്ഷിച്ചെടുത്തത്.
തിങ്കളാഴ്ച രാവിലെ പുഷ്പകണ്ടം അണക്കരമെട്ട് റോഡിലായിരുന്നു സംഭവം. കര്‍ഷകനായ അബ്ദുല്‍ അസീസ് ഏലച്ചെടികള്‍ നനയ്ക്കാനായി ഇരുമ്പുപൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇത് എടുത്തുമാറ്റുന്നതിനിടെ താഴ്ന്നുകിടന്ന 11 കെ.വി. ലൈനില്‍ പൈപ്പ് മുട്ടുകയായിരുന്നു.
അബ്ദുല്‍ അസീസ് കൃഷിയിടത്തില്‍നിന്ന് റോഡരികിലേക്ക് തെറിച്ചുവീണു. സംഭവംകണ്ട് സമീപവാസിയായ സ്ത്രീ ഓടിയെത്തിയിരുന്നു.
ഇതുകണ്ട് റോഡിലൂടെയെത്തിയ അഖില്‍, വയോധികനെ പരിശോധിച്ചു. ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും നിലച്ചെന്ന് ബോധ്യപ്പെട്ടതോടെ, യുവാവ് നെഞ്ചിലമര്‍ത്തി പ്രാഥമികശുശ്രൂഷ നല്കി.
ഇതിനിടെ സമീപവാസികളായ ഷൈല, നബീസ എന്നിവരുമെത്തി. വയോധികന്റെ ഹൃദയം വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വാഹനത്തില്‍ക്കയറ്റി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച വയോധികന് ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്.
വൈദ്യുതാഘാതത്തെത്തുടര്ന്ന് രണ്ടുകാലിനും കൈമുട്ടിനും പൊള്ളലേറ്റിട്ടുണ്ട്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തുകൂടി അശാസ്ത്രീയമായി കടന്നുപോകുന്ന വൈദ്യുതിലൈനുകള്‍ അപകടസാധ്യത കൂട്ടുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..