യുവതിയെ രക്ഷിച്ച് കരയ്ക്കെത്തിക്കുന്നതിന്റെ ദൃശ്യം
പാരിപ്പള്ളി(കൊല്ലം) : സെല്‍ഫിയെടുക്കുന്നതിനിടെ പ്രതിശ്രുത വധുവിനും വരനും പാറക്വാറിയില്‍ വീണു പരിക്കേറ്റു. പരവൂര്‍ കൂനയില്‍ അശ്വതികൃഷ്ണയില്‍ വിനു കൃഷ്ണന്, കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുരവീട്ടില്‍ സാന്ദ്ര എസ്.കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ കുളത്തില്‍ വ്യാഴാഴ്ച 11-നായിരുന്നു അപകടം.
സെല്‍ഫിയെടുക്കുന്നതിനിടെ സാന്ദ്ര കാല് വഴുതി ക്വാറിയില്‍ പതിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും ദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പോയിരുന്നു. തുടര്‍ന്നാണ് വേളമാനൂര്‍ കാട്ടുപുറത്തെത്തിയത്.
പാറ പൊട്ടിച്ച് 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി. സാന്ദ്ര വീണതിനെത്തുടര്‍ന്ന് രക്ഷിക്കാനായി വിനു കൃഷ്ണന് കൂടെച്ചാടി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണന് രക്ഷിച്ച് പാറയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പോലീസിനെയും വിവരമറിയിച്ചു.
പാരിപ്പള്ളി പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. തുടര്‍ന്ന് പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തില്‍ കുളത്തിലിറങ്ങി ചങ്ങാടത്തില്‍ ഇരുവരെയും രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിശ്രുത വധൂവരന്മാര് പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ വിവാഹം മാറ്റിവെച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
Content Highlights: young man and his fiancee falls into quarry in parippally kollam while taking selfie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..