ശ്രീനേഷ്
താമരശ്ശേരി : കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്താനായി അനുമതിയില്ലാതെ സ്ഥാപിച്ച വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റു മരിച്ച യുവാവിന്റെ കുടുംബത്തിന് 16 ലക്ഷം രൂപയും കോടതിച്ചെലവും നൽകാൻ കോഴിക്കോട് രണ്ടാം അഡീഷണൽ സബ് കോടതി ജഡ്ജി എസ്. സുരാജ് വിധിച്ചു. കട്ടിപ്പാറ ചമൽ കൃഷ്ണാലയത്തിൽ ശ്രീനേഷ് (22) മരിച്ച സംഭവത്തിൽ അറസ്റ്റിലായ ചമൽ കരോട്ട് ബൈജു തോമസ്, കരോട്ട് കെ.ജെ. ജോസ്, ചമൽ വളവനാനിക്കൽ വി.വി. ജോസഫ് എന്നിവരും കെ.എസ്.ഇ.ബി.യും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.
മാതാപിതാക്കളായ ദിനേശനും ശ്രീജയും നഷ്ടപരിഹാരമാവശ്യപ്പെട്ട് അഭിഭാഷകരായ കെ.പി. ഫിലിപ്പ്, കെ. മുരളീധരൻ എന്നിവർ മുഖേന നൽകിയ സിവിൽ കേസിലാണ് വിധി. വിധിപറഞ്ഞ തീയതിമുതൽ നഷ്ടപരിഹാരത്തുക നൽകുന്നതുവരെയുള്ള കാലയളവിന് ആറുശതമാനം വാർഷികനിരക്കിൽ പലിശ ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.
കൊടുവള്ളി കെ.എം.ഒ. കോളേജ് വിദ്യാർഥിയും താമരശ്ശേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റിലെ താത്കാലിക ജീവനക്കാരനുമായിരുന്ന ശ്രീനേഷിനെ 2017 ഒക്ടോബർ രണ്ടിനാണ് വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന് അർധരാത്രിയോടെ ജോലികഴിഞ്ഞെത്തി വീടിനുപിറകിലെ കുളിമുറിയിലേക്ക് കുളിക്കാനായി പോകവെയാണ് സമീപത്തെ സ്വകാര്യ കൃഷിയിടത്തിനടുത്തുവെച്ച് വൈദ്യുതാഘാതമേറ്റത്. ഒന്നരയേക്കർ സ്ഥലത്തെ കപ്പക്കൃഷിയിടത്തിൽ കാട്ടുപന്നി കയറുന്നത് ഒഴിവാക്കാനായിരുന്നു വൈദ്യുതവേലി സ്ഥാപിച്ചത്. ശ്രീനേഷിനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരിച്ചിലിലാണ് പിറ്റേന്ന് രാവിലെ ആറുമണിയോടെ വേലിക്കു സമീപത്തുനിന്ന് മൃതദേഹം കണ്ടത്.
വൈദ്യുതി പ്രവഹിപ്പിക്കാൻ കണക്ഷനെടുത്ത വീടിന്റെ ഉടമയെയും കൃഷി നടത്തിയവരെയും പ്രതികളാക്കി താമരശ്ശേരി പോലീസ് കേസെടുക്കുകയും ചമൽ സ്വദേശികളായ മൂന്നു പ്രതികളെയും ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ അറസ്റ്റുചെയ്യുകയുംചെയ്തു. പ്രതിഷേധങ്ങളെത്തുടർന്ന് പിന്നീട് കേസ് ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഈ കേസിൽ വിചാരണ പൂർത്തിയാക്കി ഈമാസം 18-ന് കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിപറയാനിരിക്കുകയാണ്.
Content Highlights: Young Dies with illegeal fence; 16 lakh compensation to the parents
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..