കണ്ണൂര്‍: കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹാദിയ കേസ് പരാമര്‍ശിച്ചുകൊണ്ടാണ് ലൗ ജിഹാദ് കേരളത്തിലുമുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞത്. കേരളത്തിലും കര്‍ണാടകത്തിലും ലൗ ജിഹാദ് യാഥാര്‍ഥ്യമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.

കേരളം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കുള്ള കണ്ണാടിയാണ് ജനരക്ഷായാത്ര. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിജെപിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം. ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ തുടരുകയാണ്- ആദിത്യനാഥ് പറഞ്ഞു.

ഇന്ന് അദ്ദേഹം മുഴുവന്‍ സമയവും യാത്രയില്‍ പങ്കെടുക്കും. ഇന്നത്തെ യാത്ര രാവിലെ 11 മണിക്ക് കീച്ചേരിയില്‍നിന്നാണ് ആരംഭിച്ചത്. യാത്ര വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപനപൊതുയോഗത്തില്‍ യോഗി ആദിത്യനാഥ് സംസാരിക്കും.

ചൊവ്വാഴ്ച പയ്യന്നൂരില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആണ് ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച പയ്യന്നൂരില്‍നിന്നുതുടങ്ങിയ യാത്ര 17-നാണ് തിരുവനന്തപുരത്ത് സമാപിക്കുക. ഇതിനൊപ്പം, യാത്ര അവസാനിക്കുന്നതുവരെയുള്ള എല്ലാദിവസവും എല്ലാ സംസ്ഥാനങ്ങളിലും പദയാത്രകളുണ്ടാകും. ഒപ്പം കേരളത്തിലെ യാത്രയ്ക്ക് ഐക്യദാര്‍ഢ്യപ്രഖ്യാപനവുമായി ഓരോ സംസ്ഥാനങ്ങളില്‍നിന്നായി യുവമോര്‍ച്ചാ പ്രവര്‍ത്തകരെത്തും.