തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണിത്.

ഫോനി ചുഴലിക്കാറ്റ് അകന്നു പോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. ഫോനി ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി നേരത്തെ കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നു. കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവും പിന്‍വലിച്ചു. കേരളത്തിലെ ഒരു ജില്ലയിലും ഇനി യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കില്ല. 

തിങ്കളാഴ്ച വൈകുന്നേരം ചെന്നൈയില്‍നിന്ന് 810 കിലോമീറ്റര്‍ തെക്കുകിഴക്കായിട്ടായിരുന്നു ഫോനിയുടെ നില. ഇടയ്ക്ക് ശക്തികുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ദിശമാറി ഒഡിഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്.

content highlights: Yellow alert revoked in Kerala