തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട്. എന്നാല്‍ അടുത്ത അഞ്ചുദിവസത്തേക്ക് മറ്റൊരിടത്തും മഴ ജാഗ്രതാ മുന്നറിയിപ്പില്ല. അടുത്തയാഴ്ച മഴ വീണ്ടും ശക്തിപ്പെടും വിധം തെക്കു പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

തമിഴ്‌നാട് ഭാഗത്ത് രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ ഭാഗമായാണ് ഇന്ന് ഇടുക്കിയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവുക. അതിനാലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ ഓഗസ്റ്റ് 20 വരെ ഒരു ജില്ലയ്ക്കും മഴ ജാഗ്രതാ മുന്നറിയിപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ കേരളത്തില്‍ ആകെ മിതമായ മഴ ലഭിക്കുന്നതില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്നാണ് പ്രവചനം. 

അതേസമയം 20 ാം തിയതി മുതല്‍ തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മഴയ്ക്ക് കൂടുതല്‍ അനുകൂലമാകും. അതിനാല്‍ 20,21 തിയതികളില്‍ മഴ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20-ാംതിയതി കേരളത്തിലെ ഏകദേശം 75ശതമാനം പ്രദേശത്തും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

കേരളതീരത്ത് ന്യൂനമര്‍ദമില്ലാത്തതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാനിര്‍ദേശവും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി ഭാഗത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വരെ ആകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ തെക്കന്‍ തമിഴ്‌നാട്, കന്യാകുമാരി പ്രദേശത്ത് മല്‍സ്യബന്ധനത്തിനു പോകരുതെന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ അഞ്ചുമുതല്‍ നാളെ രാത്രി 11.30 വരെ കുളച്ചില്‍ മുതല്‍ ധനുഷ്‌കോടി വരെ  തിരമാല നാലുമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

content highlights:yellow alert declared on idukki district