കേരള പോലീസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
മണ്ണാർക്കാട്: പോലീസ് സ്റ്റേഷനിൽ കയറി പാട്ടുപാടാൻ കഴിയുമോ സക്കീർ ഭായിക്ക് ? ഏഴാം ക്ലാസുകാരൻ യാദവ് കൃഷ്ണ പറഞ്ഞു ‘യെസ് ഐ ക്യാൻ’. പറയുക മാത്രമല്ല 'ഏലോലോം ഏലോലോം’ എന്ന നാടൻപാട്ട് ഈണത്തിൽ പാടി ഈ കുട്ടിപ്പാട്ടുകാരൻ. പാട്ട് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
നാട്ടുകൽ പോലീസ് സ്‌റ്റേഷനിലെ പൂന്തോട്ടത്തിൽ വളർത്തുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാണാനെത്തുന്ന സ്ഥിര സന്ദർശകനാണ് യാദവ് കൃഷ്ണൻ. മത്സ്യക്കുഞ്ഞുങ്ങളെ തരാമോ എന്ന് ചോദിച്ചപ്പോൾ പാട്ടുപാടിയാൽ തരാമെന്ന് പോലീസ് ‘മാമൻ’ പറഞ്ഞു. പിന്നെ യാദവ് ഒന്നും നോക്കിയില്ല. പോലീസ് സ്റ്റേഷനിലെ കസേരയിൽ കൊട്ടി പാട്ട് തുടങ്ങി. സി.പി.ഒ. റഷീദ് പാട്ട് ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഗതി വൈറൽ. ഇത് പിന്നീട് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലും പങ്കുവെച്ചതോടെ ലൈക്കും ഷെയറും അഭിനന്ദനങ്ങളുമായി നിരവധിപേരെത്തി.
കൂളാകുറിശ്ശി വീട്ടിൽ സിജിലേഷിന്റെയും ഷീബയുടെയും മൂത്ത മകനാണ് 12 വയസ്സുകാരൻ യാദവ് കൃഷ്ണൻ. ചെർപ്പുളശ്ശേരി ജി.യു.പി.എസിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. തച്ചനാട്ടുകര തള്ളച്ചിറയിൽ വീടുപണി നടക്കുന്നതിനാൽ കുടുംബം ചെർപ്പുളശ്ശേരി നെല്ലായ വാടകവീട്ടിലാണ് താമസിക്കുന്നത്. പെയിന്റിങ്ങ് തൊഴിലാളിയായ യാദവിന്റെ അച്ഛൻ സിജിലേഷ് ചെർപ്പുളശ്ശേരിയാണ് ജോലി ചെയ്യുന്നത്. തച്ചനാട്ടുകരയുള്ള അമ്മ വീട്ടിൽ രണ്ടുദിവസം മുമ്പ് വിരുന്നിനെത്തിയതാണ് യാദവ്.
“തച്ചനാട്ടുകര എത്തുമ്പോഴെല്ലാം മത്സ്യക്കുഞ്ഞുങ്ങളെ കാണാൻ പോലീസ്‌സ്റ്റേഷനിൽ പോകും. പോകരുതെന്നുപറഞ്ഞാൽ കേൾക്കാറില്ല. പോലീസുകാർ പാടാൻ ആവശ്യപ്പെട്ടപ്പോൾ പാടി. വൈറൽ ആകുമെന്ന് കരുതിയില്ല. സന്തോഷമുണ്ട്. പാട്ട് പഠിക്കാനൊന്നും പോകുന്നില്ല. ടിവിയിലും ഫോണിലുമെല്ലാം കേട്ടാണ് പാട്ട് പഠിക്കുന്നത്. മണ്ണാർക്കാട്ടെ തുടിതാളം നാടൻപാട്ട് സംഘത്തിന്റെ കീഴിൽ പാടാൻ പോകുന്നുണ്ട്” യാദവിന്റെ അമ്മ പറഞ്ഞു. കൃത്യ കൃഷ്ണയും യുദേവ് കൃഷ്ണയുമാണ് യാദവിന്റെ സഹോദരങ്ങൾ.
Content Highlights: yadav krishna police station viral song
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..