തെറ്റായ അനൗൺസ്മെന്റിനെ തുടർന്ന് വെട്ടിലായ യാത്രക്കാർ ട്രെയിനിൽ കയറാനുള്ള തിരക്കിൽ | Photo : Special Arrangement
കോഴിക്കോട്: തെറ്റായ അനൗൺസ്മെൻ്റ് നൽകി യാത്രക്കാരെ ഓടിച്ച് റെയിൽവേ. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ കയറാനെത്തിയ യാത്രക്കാരാണ് വലഞ്ഞത്.
അവസാനനിമിഷം വരെ തീവണ്ടി മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വരുമെന്നായിരുന്നു അനൗൺസ്മെൻ്റ്. എന്നാൽ തീവണ്ടി വന്നതാകട്ടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കും. ഇതോടെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരക്കം പാച്ചിലായി. ഇതിനിടെ, സാങ്കേതിക തകരാർ കാരണം ഇൻ്റർസിറ്റി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് വരുന്നതെന്ന അറിയിപ്പും വന്നു.
റെയിൽവേയുടെ 'കബളിപ്പിക്കലി'ൽ സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാരാണ് വലഞ്ഞത്. ലിഫ്റ്റിലും ഗോവണിയിലും തിക്കുംതിരക്കുമായതോടെ മിക്ക യാത്രക്കാരും അപകടകരമായ രീതിയിൽ പാളം മുറിച്ചുകടന്നാണ് തീവണ്ടിയിൽ കയറിപ്പറ്റിയത്. തിരക്ക് കാരണം പലർക്കും തീവണ്ടിയിൽ കയറാനുമായില്ല.
ഇതിനിടെ യാത്രക്കാർ പരക്കം പായുന്നതിൻ്റെയും തീവണ്ടിയിൽ കയറാൻ പ്രയാസപ്പെടുന്നതിൻ്റെയും ദൃശ്യങ്ങൾ പകർത്താൻ റെയിൽവേ ജീവനക്കാർ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. തങ്ങളെ ബുദ്ധിമുട്ടിച്ചതുകൂടാതെ ദൃശ്യം പകർത്തി രസിക്കുവാണോ എന്നായിരുന്നു യാത്രക്കാരുടെ ചോദ്യം. ഇതോടെ ജീവനക്കാർ ഓഫീസിനകത്തേക്ക് വലിയുകയായിരുന്നു.
Content Highlights: Wrong train arrival announcement troubles passengers, Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..