തിരുവനന്തപുരം:  കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് തയ്യാറാക്കിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന നിരവധി പരാമര്‍ശങ്ങളാണ് ഗാനത്തിലുള്ളത്. ചെങ്കൊടിക്ക് കാവലായി എന്ന് തുടങ്ങുന്ന ഗാനത്തേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരണം നടത്തിയിരുന്നു. ഇത്തരമൊരു ഗാനം അവസരോചിതമാകുമോ എന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ  മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ 'സ്തുതിഗാനം' പാടുന്നത് ഒഴിവാക്കാനും ആലോചനകള്‍ നടന്നു. എന്നാല്‍, ഉദ്ഘാടന വേദിയിലേക്ക് ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി കടന്നുവന്നത്. ഗാനം രചിക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ കൂടിയായ ഗാനരചയിതാവ് പൂവത്തൂര്‍ ചിത്രസേനന്‍. 

To advertise here,

അശരണരെ താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയന്‍

കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ഹണി പറഞ്ഞിട്ടാണ് ഈ ഗാനം എഴുതുന്നത്. കേരളത്തിലെ എല്ലാ അശരണരെയും താങ്ങിനിര്‍ത്തുന്ന ഭരണാധികാരിയാണ് പിണറായി വിജയന്‍. എന്റെ ഒരു കടമയായിട്ടാണ് ഞാന്‍ ഗാനം എഴുതിയത്. പുകഴ്ത്തല്‍ ആയിട്ട് മറ്റുള്ളവര്‍ക്ക് തോന്നാം. പക്ഷേ, എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. 

വിപ്ലവാത്മകമായ ഗാനം വേണം എന്നായിരുന്നു നിര്‍ദേശം 

വിപ്ലവാത്മകമായ ഗാനം ആവണം എന്നായിരുന്നു നിര്‍ദേശം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും വീട്ടില്‍ അച്ഛന്‍ മക്കളെ സംരക്ഷിക്കുന്നതുപോലെ നമ്മളെയൊക്കെ നോക്കുന്ന മുഖ്യമന്ത്രിയേക്കുറിച്ച് ഒരു ഗാനം എഴുതിയില്ലെങ്കില്‍ നമ്മളൊക്കെ ഒരു കവിയായി നടന്നിട്ട് എന്ത് കാര്യം. 

കളിയാക്കലുകള്‍ കാര്യമാക്കുന്നില്ല, സ്തുതിഗാനം ആയിട്ടല്ല എഴുതിയത്. എന്റെ അച്ഛന്‍ മൂന്നു മഹാകാവ്യം എഴുതിയിട്ടുണ്ട്. അച്ഛനെ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഞാന്‍ അറിയാതെ കവിത എഴുതിപ്പോകും. സമര ധീരനായകനാണ് പിണറായി വിജയന്‍. അദ്ദേഹത്തെക്കുറിച്ച് അങ്ങനെയൊരു വരി എഴുതിയതില്‍ എന്താണ് തെറ്റ്. മുഖ്യമന്ത്രിയെ വാഴ്ത്തുന്ന ഗാനം അദ്ദേഹത്തിന് ഇഷ്ടപെടില്ല. പക്ഷേ, അതില്‍ വിപ്ലവാത്മകമായ കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകതന്നെ ചെയ്യും. എത്ര കളിയാക്കലുകള്‍ വന്നാലും പ്രശ്‌നമില്ല. ഞാന്‍ എഴുതാനുള്ളത് എഴുതി.

'കാരണഭൂതനേ'ക്കാള്‍ നന്നാവണമെന്ന് ചിന്തിച്ചിരുന്നോ?

എനിക്ക് ആരോടും മത്സരമില്ല. ഞാന്‍ എല്ലാ സൃഷ്ടിയും ആസ്വദിക്കും. മറ്റൊരു ഗാനത്തേക്കാള്‍ നന്നാവണമെന്ന് ചിന്തയൊന്നും എഴുതുമ്പോള്‍ ഇല്ലായിരുന്നു.