ചാലപ്പുറത്ത് കെ. മാധവൻനായരുടെ വീട്ടിൽ കെ.പി.സി.സി. രൂപവത്‌കരിക്കാൻ നടന്ന യോഗം. ഭാവനയിൽനിന്ന് വര: ബി.എസ്. പ്രദീപ്‌കുമാർ
ബ്രിട്ടീഷ് ഭരണകൂടം പ്രവിശ്യകളായും നാട്ടുരാജ്യങ്ങളായും തിരിച്ചയിടങ്ങളെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളാക്കിമാറ്റണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി വാദിക്കുകയും 1920-ലെ നാഗ്പുർ പ്രമേയത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക കോൺഗ്രസ് യൂണിറ്റുകൾ രൂപവത്‌കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ബ്രിട്ടീഷ് മലബാറിൽ കോൺഗ്രസ് നേതാക്കൾ തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളെ മലബാറിനോടു ചേർത്ത് കേരളം രൂപവത്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചു. കെ.പി.സി.സി.യുടെ രൂപവത്കരണമാണ് ഈ ആവശ്യത്തിന് രാഷ്ട്രീയമാനം നൽകിയത്.
ജനുവരി 30-നെടുത്ത തീരുമാനത്തിനുപിന്നാലെ, മലയാളികളുടെ ദേശീയാഭിലാഷത്തിന്റെ ഔപചാരിക പ്രഖ്യാപനം 1921 ഏപ്രിൽ 28-ന് ബ്രിട്ടീഷ് മലബാറിലെ പാലക്കാട്ടുള്ള ഒറ്റപ്പാലത്തുനടന്നു. ഭാരതപ്പുഴയുടെ തീരത്ത് നാലുദിവസമായിനടന്ന ആദ്യ സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ നൂറുകണക്കിന് കേരളീയർ പങ്കെടുത്തു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. പ്രകാശമായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടകൻ. സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊപ്പം കെ.പി.സി.സി.ക്കുകീഴിൽ അണിനിരക്കുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞചെയ്തു.
കേരളം രൂപവത്‌കൃതമാകാൻ പിന്നെയും നീണ്ട 35 വർഷമെടുത്തു. എന്നാൽ, കൊളോണിയൽ സ്വേച്ഛാധിപത്യത്തിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായി മലയാളികൾ പോരാടിയത് കെ.പി.സി.സി.യിലൂടെയാണ്.
1921-ൽ കെ.പി.സി.സി. സ്ഥാപിതമായിടത്താണ് കേരളത്തിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയപ്പാർട്ടിയുടെ ജനനം. ഒപ്പം ആധുനികരാഷ്ട്രീയ ആക്ടിവിസത്തിന്റെയും ദേശീയവാദത്തിന്റെയും അടിത്തറയും കേരളത്തിൽ പാകപ്പെട്ടു. പിന്നീട് 1925-ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരളത്തിലെത്തി. എന്നാൽ, ഇ.എം.എസ്. ഉൾപ്പെടെയുള്ള മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളിൽ ഭൂരിഭാഗംപേരും കെ.പി.സി.സി.യിലാണ് തുടങ്ങിയത്. അവർ ഇടതുപാതയിലേക്കെത്തുന്നത് 1939-നുശേഷവും.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ സമരങ്ങളിൽ തങ്ങളുടേതായ സംഭാവന നൽകിയ മുതിർന്ന നേതാക്കളുടെ അനുഭവങ്ങൾ ശൈശവാവസ്ഥയിൽപ്പോലും കെ.പി.സി.സി.ക്ക് കരുത്തേകി. സർ. സി. ശങ്കരൻ നായർ (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം വഹിച്ച ആദ്യ മലയാളി), മാധ്യമപ്രവർത്തകൻ ജി. പരമേശ്വര പിള്ള തുടങ്ങിയവർ അവരിൽ ചിലർമാത്രം.
വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂർ സത്യാഗ്രഹത്തിനും കെ.പി.സി.സി. ചുക്കാൻപിടിച്ചു. നിസ്സഹകരണപ്രസ്ഥാനവും ഉപ്പുസത്യാഗ്രഹവും ദേശീയപ്രജ്ഞയെ പിടിച്ചുലയ്ക്കാൻ തുടങ്ങിയപ്പോൾ അതിന്റെ സന്ദേശങ്ങൾ കേരളത്തിലെത്തിച്ചത് കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹിമാൻ, കെ.പി. കേശവമേനോൻ, കെ. മാധവൻനായർ എന്നിവരുൾപ്പെടെയുള്ള കെ.പി.സി.സി.യുടെ ശക്തരായ നേതാക്കളാണ്. 1932-ലെ സിവിൽ നിയമലംഘനസമരത്തോടെ കോൺഗ്രസിനെ ‘നിയമവിരുദ്ധ സംഘടന’യായി ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിക്കുകയും കെ.പി.സി.സി. അംഗങ്ങളെ നിഷ്‌കരുണം വേട്ടയാടുകയും ചെയ്തു. അവരുടെ ധൈര്യവും നിശ്ചയദാർഢ്യവുമാണ് പ്രക്ഷുബ്ധമായ ആ കാലഘട്ടത്തിൽ നാം കണ്ടത്. മൂന്നുപതിറ്റാണ്ടിനുശേഷം ഇന്ത്യ സ്വതന്ത്രയാവുകയും 1956-ലെ പുനഃസംഘടനാ നിയമത്തിലൂടെ കേരളം രൂപവത്‌കൃതമാകുകയും ചെയ്തതോടെ കോൺഗ്രസുകാരൊഴുക്കിയ ചോരയ്ക്കും വിയർപ്പിനും ഫലംകണ്ടു. കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി ഇന്നത്തെ രൂപമായ ‘കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി’യായി മാറുന്നതും 1956-ലാണ്.
പിന്നീടുള്ള ചരിത്രം ഏറക്കുറെ മലയാളികൾക്കും പരിചിതമായതിനാൽ ഇനിയും ആവർത്തിക്കേണ്ടതില്ലെന്നുതോന്നുന്നു. ഉയർന്ന രാഷ്ട്രീയബോധമുള്ള കേരളസമൂഹത്തിൽ കാര്യക്ഷമമായ ഭരണത്തിലൂടെ രാഷ്ട്രീയമായ വലിയ വിജയങ്ങൾ നേടാനും ഒട്ടേറെത്തവണ സംസ്ഥാനത്ത് ഭരണം നയിക്കാനും കെ.പി.സി.സി.ക്കായി.
മതേതരവും ജനാധിപത്യപരവും എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതുമായ അടിസ്ഥാനസ്വഭാവം, വർഗജാതിമതാടിസ്ഥാനത്തിൽ കേരളത്തിൽ രൂപമെടുത്ത മറ്റെല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽനിന്നും എല്ലായ്‌പ്പോഴും കെ.പി.സി.സി.യെ വേറിട്ടുനിർത്തുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയുടെ ഡി.എൻ.എ. ഇപ്പോഴും കെ.പി.സി.സി.യിൽ പ്രതിഫലിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ട കാര്യം. രാജ്യത്ത് ഒരുപാട് ‘ഇസങ്ങൾ’ വന്നുപോയിട്ടും ഒട്ടേറെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിർമിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്തിട്ടും നൂറുവർഷത്തെ പ്രക്ഷുബ്ധമായ ചരിത്രത്തിനിപ്പുറവും നാനാത്വത്തെ പ്രതിഫലിപ്പിക്കുന്ന കെ.പി.സി.സി.യുടെ സാമൂഹികഘടന മാറ്റമില്ലാതെ തുടരുന്നു.
കോൺഗ്രസിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഒരു ദേശീയ ദിനപത്രം വേണമെന്ന് തീരുമാനിക്കുന്നതും ഇതേ സമ്മേളനത്തിലാണ്. ഇതിന്റെ ഫലമായാണ് കെ.പി. കേശവമേനോന്റെയും മറ്റുചില കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ 1923-ൽ കോഴിക്കോട്ടുനിന്ന് ‘മാതൃഭൂമി’ ജനിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രം അതുകൊണ്ടുതന്നെ മാതൃഭൂമിയുമായും ഇഴചേർന്നുകിടക്കുന്നു.
രണ്ടുവർഷത്തിനുശേഷം, മാതൃഭൂമിയും തങ്ങളുടെ ഒരു നൂറ്റാണ്ട് ആഘോഷിക്കുകയാണ്. കെ.പി.സി.സി.യെപ്പോലൈ, നിശ്ചയദാർഢ്യം നിറഞ്ഞ, ദേശീയതയുടെ ആത്മാവുൾക്കൊണ്ട, ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ മലയാളികളുടെ കൈയൊപ്പുവേണമെന്ന് നിശ്ചയിച്ച ഒരുകൂട്ടമാളുകളെക്കുറിച്ച് ചിന്തിക്കാനാവട്ടെ ഈ നിമിഷം.
Content Highlights: Write Up By Shashi Tharoor, 100 Years Of KPCC


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..