“എന്റെ യാത്രകളൊന്നും നേരത്തെ തീരുമാനിച്ചുറപ്പിച്ച് നടത്തിയവയല്ല, എല്ലാം അതിന്റേതായ വഴിക്ക്‌ മുന്നിലേക്കു വരും. ഇനിയുള്ള യാത്രകളും അങ്ങനെ തന്നെയായിരിക്കും... പോകണമെന്നു തോന്നുമ്പോൾ പുതിയൊരിടത്തേക്ക്‌ ഞാൻ പോകും...” -കഴിഞ്ഞമാസം റഷ്യൻ യാത്ര കഴിഞ്ഞ്‌ വന്നനേരത്ത് വിജയൻ പറഞ്ഞ വാക്കുകൾ.

ഇനിയൊരിക്കലും മടങ്ങിവരവില്ലാത്തൊരു ലോകത്തേക്ക് അന്ത്യയാത്ര പോകുമ്പോഴും വിജയൻ അങ്ങനെ തന്നെയായിരുന്നു. ഒരു തയ്യാറെടുപ്പും നടത്താതെ, അപ്രതീക്ഷിതമായൊരു വിടവാങ്ങൽ.

ഭാര്യ മോഹനയ്ക്കൊപ്പം ഒട്ടേറെ ലോകസഞ്ചാരങ്ങൾ നടത്തിയ വിജയൻ ഇക്കുറി യാത്ര ഒറ്റയ്ക്കാക്കി.

ചായക്കട നടത്തി ലോകസഞ്ചാരം നടത്തിയ ഒരാൾ... വിജയൻ എന്ന മനുഷ്യൻ കേരളത്തിനു മുന്നിൽ അവതരിപ്പിച്ച ആശയം അസാധാരണമായ ഒന്നായിരുന്നു. സമ്പന്നർക്കു മാത്രമേ ലോകസഞ്ചാരം സാധിക്കൂ എന്ന പൊതുധാരണ അങ്ങിനെ തിരുത്തിയെഴുതി.

Vijaya
വിജയന്റെ മൃതദേഹത്തിനരികെ ഭാര്യ മോഹനയും ബന്ധുക്കളും

‘ആഗ്രഹങ്ങൾ മനസ്സിൽ വെച്ചുപൂട്ടാനുള്ളതല്ല, സഫലമാക്കാനുള്ളതാണ്‌’ എന്നായിരുന്നു വിജയന്റെ ലളിതമായ തത്ത്വം. ചെറിയ ചായക്കട നടത്തി ലഭിച്ച തുച്ഛമായ തുക കൂട്ടിവെച്ച് ഒരു സാധാരണക്കാരന് സ്വപ്നംപോലും കാണാൻ കഴിയാത്തത്ര ദൂരം വിജയൻ സഞ്ചരിച്ചു. ആ യാത്രകളിലെല്ലാം വിജയന്റെ കൈപിടിച്ച് ഭാര്യ മോഹനയുമുണ്ടായിരുന്നു. 30-ലേറെ രാജ്യങ്ങളാണ് ഇരുവരും സഞ്ചരിച്ചത്. അതിൽ അമേരിക്കയും ഇംഗ്ലണ്ടും ഫ്രാൻസും ജർമനിയും സ്വിറ്റ്‌സർലൻഡും ബ്രസീലും റഷ്യയുമൊക്കെയുണ്ട്.

ലോണെടുത്തും പണയം വെച്ചുമൊക്കെയാണ് അവർ യാത്രകൾ നടത്തിയത്. ‘ലോകം കാണാനുള്ളതാണ്, അത്‌ കണ്ടുതന്നെ അറിയണം’ എന്നാണ് വിജയൻ എന്നും പറഞ്ഞിരുന്നത്.

വർഷങ്ങൾക്കു മുമ്പൊരു ദിവസം തിരുപ്പതി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് അവിടത്തെ മൈതാനത്തിരിക്കുമ്പോൾ തലയ്ക്കുമുകളിലൂടെ പറന്നുപോയ ഒരു വിമാനമാണ് വിജയന്റെ മനസ്സിൽ ലോകയാത്രയുടെ സ്വപ്നം വിതച്ചത്.

എറണാകുളത്ത് തിരിച്ചെത്തിയ വിജയൻ ഒരു ട്രാവൽ ഏജൻസിയെ സമീപിച്ച് വിദേശയാത്രയുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വൈകാതെ തനിക്കും ഭാര്യയ്ക്കും പാസ്‌പോർട്ട് സംഘടിപ്പിച്ചു. അങ്ങനെ അവർ ആദ്യമായി വിമാനം കയറി ഈജിപ്തിലേക്ക്‌ പറന്നു. പിന്നീടങ്ങോട്ട് എത്രയോ രാജ്യങ്ങൾ...

‘ലക്ഷങ്ങൾ ചെലവഴിച്ച് യാത്രചെയ്തതിനു പകരം ആ പണംകൊണ്ട്‌ ഭൂമിയോ സ്വർണമോ വാങ്ങാമായിരുന്നില്ലേ...’ എന്ന്‌ വിജയനോടു ചോദിച്ചവരുണ്ടായിരുന്നു.

‘365 ദിവസവും ചായക്കടയിൽ പണിയെടുത്ത് പണമുണ്ടാക്കി, അത്‌ ഭൂതം നിധി കാക്കുന്നതു പോലെ സൂക്ഷിച്ചിട്ട് എന്തു കാര്യം’ എന്നായിരുന്നു വിജയന്റെ മറുചോദ്യം.

അവസാനയാത്രയ്ക്ക് മുൻപൊരു റഷ്യൻ യാത്ര

മോസ്‌കോയും റഷ്യൻ പാർലമെന്റ് മന്ദിരവുമെല്ലാം കണ്ടെങ്കിലും വ്ലാദിമിർ പുതിനെ കാണണമെന്ന വിജയന്റെ ആഗ്രഹം മാത്രം സഫലമായില്ല. ഒക്ടോബറിൽ നടത്തിയ അവസാന വിദേശയാത്ര കഴിഞ്ഞ് ഗാന്ധിനഗറിലെ 'ബാലാജി കോഫി ഹൗസി’ൽ മടങ്ങിയെത്തിപ്പോഴും ഇനിയൊരു റഷ്യൻ യാത്രയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു വിജയൻ. അടുത്ത യാത്രയിൽ എന്തായാലും പ്രസിഡന്റ് വ്ലാദിമിർ പുതിനെ കാണുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വിജയൻ.

vijaya
വിജയന്റെ, കടവന്ത്രയ്ക്ക്‌ സമീപത്തെ ചായക്കടയ്ക്ക് മുന്നിൽ
ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഫോട്ടോ തൂക്കിയപ്പോൾ

ലോക്‌ഡൗണിൽ യാത്രകൾ മുടങ്ങിയതിന്റെ സങ്കടത്തിനൊടുവിലാണ് റഷ്യൻ യാത്രയെന്ന സമ്മാനം വിജയനെയും ഭാര്യ മോഹനയേയും തേടിയെത്തിയത്. ഒരു ഏജൻസിയാണ് ഇരുവരെയും സ്പോൺസർ ചെയ്ത് റഷ്യയിൽ എത്തിച്ചത്. പതിവുയാത്രകളിൽ ഭാര്യയെ മാത്രം ഒപ്പം കൂട്ടിയിരുന്ന വിജയൻ, റഷ്യൻ യാത്രയിൽ മകളെയും കുടുംബത്തെയും കൂട്ടിയിരുന്നു. റഷ്യയിൽനിന്ന്‌ മടങ്ങിയെത്തി മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് തന്റെ യാത്രകൾ പാതിവഴി അവസാനിപ്പിച്ച് വിജയൻ വിടപറഞ്ഞത്. അടുത്തയാത്ര ജപ്പാനിലേക്കാണെന്നാണ് അടുപ്പക്കാരോട് വിജയൻ പറഞ്ഞിരുന്നത്.