• കൊല്ലം തഴുത്തലയിൽ കിണറിടിഞ്ഞു അപകടം ഉണ്ടായ സ്ഥലത്ത് രാത്രി വൈകിയും തുടരുന്നരക്ഷാപ്രവർത്തനം, ഇൻസൈറ്റിൽ സുധീർ
കൊല്ലം: കൊട്ടിയം പുഞ്ചിരിചിറയില്‍ കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റില്‍ റിങ് ഇടക്കുന്നതിനിടെ കുടുങ്ങിയത്.
16 മണിക്കൂറായി നടത്തുന്ന രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. രാത്രിയിൽ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവർത്തനം നിർത്തിവെച്ചിരുന്നു. വലിയ ജെസിബി ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് അദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമമാണ് പോലീസും ഫയർഫോഴ്സും നടത്തുന്നത്. ആദ്യം എത്തിച്ച വലിയ ജെസിബി കുഴിയിലേക്ക് ഇറക്കാൻ സാധിക്കാത്തതിനാൽ ചെറിയ ജെസിബി എത്തിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.
35 അടിയോളം കുഴി തുരന്നിട്ടുണ്ട്. ഇനിയും 15 അടിയോളം അടിയോളം താഴേക്ക് എത്തിയാൽ മാത്രമേ സുധീറിനെ പുറത്തെത്തിക്കാന്‍ സാധിക്കൂ. അതിനുശേഷമേ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. കിണറിൽ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീർ അടക്കമുള്ള തൊഴിലാളികൾ. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നിൽക്കണ്ട് കിണറിനുള്ളിൽനിന്ന് ധൃതിയിൽ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയിൽ നിന്ന കൂട്ടുകാർ നോക്കുമ്പോഴേക്കും കിണർ ഉള്ളിൽനിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങൾകൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.
അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികൾ മുമ്പും കരാർ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികൾ ഈ കിണറ്റിൽ നേരത്തേതന്നെയുണ്ടായിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് ആധുനിക ഉപകരണങ്ങൾ വേണമെന്ന് പി.സി. വിഷ്ണുനാഥ്
രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ അഗ്നിരക്ഷാസേനയ്ക്ക് കൂടുതൽ ആധുനിക ഉപകരണങ്ങൾ അനുവദിക്കാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. ആവശ്യപ്പെട്ടു. തഴുത്തല പുഞ്ചിരിച്ചിറയിൽ കിണറ്റിലകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
Content Highlights: Worker trapped in well, rescue mission underway
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..