കൊച്ചി: കോലഞ്ചേരിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ വയോധികയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് വനിതാ കമ്മിഷൻ ചെയർ പേഴ്സൺ എം.സി.ജോസഫൈൻ. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് വനിതാ കമ്മിഷൻ ചെയർ പേഴ്സൺ കത്തു നൽകി. സംഭവത്തിൽ വനിതാ കമ്മിഷൻ കേസെടുത്തിരുന്നു.

ഇന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോധികയെ സന്ദർശിച്ച എം.സി.​ജോസ​ഫൈൻ ഡോക്ടർമാരിൽ നിന്ന് തെളിവെടുത്തു. ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ ഡയറക്ടർ വി.യു. കുര്യാക്കോസിന് നിർദേശം നൽകിയിട്ടുണ്ട്. കുറ്റവാളികൾ ആരായിരുന്നാലും അവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് 75കാരിയെ ഒന്നിലേറെ പേർ സംഘം ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയത്. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ കത്തി ഉപയോഗിച്ച് മുറിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ വയോധിക അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.