തിരുവനന്തപുരം: തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തുന്ന വനിതാ മതില്‍ പരിപാടിയുടെ മുഖ്യ രക്ഷാധികാരിയാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചു. വനിതാമതില്‍ കടന്നുപോകുന്ന ആലപ്പുഴ ജില്ലയിലെ പരിപാടിയുടെ മുഖ്യ രക്ഷാധികാരിയായാണ് നിശ്ചയിച്ചത്.

മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണിത്. ഹരിപ്പാട് മണ്ഡലത്തെ ചെന്നിത്തല പ്രതിനിധീകരിക്കുന്നതിനാലാണ് അദ്ദേഹത്തെ രക്ഷാധികാരിയായി നിശ്ചയിച്ചതെന്നാണ് വിശദീകരണം. എന്നാല്‍, നടപടി മര്യാദകേടാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ജില്ലാ കലക്ടറിനെ അദ്ദേഹം പ്രതിഷേധം അറിയിക്കുകയും ചെയ്തു.

തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് ഇത് ചെയ്തത്. ഇതിലുള്ള തന്റെ പ്രതിഷേധം ആലപ്പുഴ ജില്ലാ കളക്ടറെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് തനിക്കും യു.ഡി.എഫിനുമുള്ള എതിര്‍പ്പ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല സമൂഹത്തില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കുന്ന ഈ നീക്കം അപകടകരവുമാണെന്നും ചെന്നിത്തല പറയുന്നു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തന്നെ താന്‍ കത്തും നല്‍കിയിട്ടുണ്ട്. എന്നിട്ടും തന്നെ ഈ പരിപാടിയുടെ രക്ഷാധികാരിയാക്കുകയും അത് പത്രക്കുറിപ്പായി പുറത്തിറക്കുകയും ചെയ്തത് രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി അല്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു. 

രണ്ടു തവണയാണ് പി.ആര്‍.ഡി പത്രക്കുറിപ്പിറക്കിയത്. ആദ്യ പത്രക്കുറിപ്പില്‍ തന്റെ പേരില്ലായിരുന്നു. രണ്ടാമത്തേതില്‍ പേരു വച്ച് തന്നെ ഇറക്കി. ഇത് മനപൂര്‍വ്വമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തന്നെ രക്ഷാധികാരിയാക്കിയ  നടപടി ഉടന്‍ പിന്‍വലിക്കണം. വനിതാ മതില്‍ സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Content Highlights: Women Wall, Ramesh Chennithala