തിരുവനന്തപുരം:  വനിതാമതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. വനിതാ മതിലില്‍ മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. മതിലിന്റെ ഉദ്ദേശം എന്താണെന്ന് വി.എസിനെപ്പോലും ബോധ്യപ്പെടുത്താന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി വീണിടത്ത് കിടന്നുരുളുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. 

സമൂഹത്തെ ക്രിസ്ത്യന്‍ മുസ്ലീം ഹിന്ദു എന്നിങ്ങനെ വേര്‍തിരിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയാണോയെന്ന് അദ്ദേഹം ചോദിച്ചു. അത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ. പച്ചയായി പറഞ്ഞാല്‍ സാമൂഹിക ധ്രുവീകരണത്തിന് വഴിതെളിക്കുകയല്ലെ ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു. വര്‍ഗീയ ധ്രുവീകരണം നടത്തിയാണോ മതേതര മൂല്യങ്ങള്‍ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

"ഹിന്ദുസംഘടനകളേ മാത്രമേ നവോത്ഥാനം സംരക്ഷിക്കാന്‍ വിളിച്ചുള്ളു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ഉളുപ്പില്ലെ. ഇത് എന്ത് തരം വര്‍ഗസമരമാണ്. മാര്‍ക്‌സിന്റെ കമ്യൂണിസത്തില്‍ ഇങ്ങനെയൊരു സിദ്ധാന്തമുണ്ടോ. സ്വന്തം സിദ്ധാന്തങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുകയല്ലെ ചെയ്യുന്നത്. ആര്‍.എസ്.എസിനെയും ബിജെപിയെയും പേടിച്ചാണ് മതന്യൂനപക്ഷങ്ങളെ യോഗത്തിലേക്ക് വിളിക്കാതിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ തന്റെ ദൗര്‍ബല്യം തുറന്നുകാട്ടുകയാണ്.  മതേതര ശക്തികളെ അണിനിരത്തിക്കൊണ്ടാകണം ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും വര്‍ഗീയതയെ നേരിടാനെന്നതാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സമീപനം. മതേതര ശക്തികളെ അണിനിരത്തി ആര്‍.എസ്.എസിനെയും ബിജെപിയെയും നേരിടാന്‍ തനിക്ക് കഴിയില്ല എന്ന പരസ്യ സമ്മതം ആപല്‍ക്കരമായ കാര്യമാണ്". 

"ഈ മതില്‍ എന്തിന് വേണ്ടിയാണെന്ന ചോദ്യത്തിന് മറുപടി പറയാതെ പ്രതിപക്ഷ നേതാവിന് മതിലെന്താണെന്ന് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്റെ കാര്യം പോകട്ടെ  ഈ മതില്‍ എന്തിനുവേണ്ടിയാണെന്ന്  വി.എസ് അച്യുതാനന്ദനെ എന്തുകൊണ്ട് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ജാതി സംഘടനകളെ കൂട്ടുപിടിച്ചുള്ള സമരം വര്‍ഗസമരമല്ലെന്നാണ് വി.എസ് പറഞ്ഞത്. അതിന്റെ അര്‍ഥം പിണറായി വിജയന് മനസിലായിട്ടുണ്ടോ എന്ന് തനിക്കറിയില്ല. 

വനിതാ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്നാണ് ദേവസ്വം മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. മതില് കെട്ടാന്‍ മുമ്പില്‍ നില്‍ക്കുന്ന സംഘടനകള്‍ക്കും തങ്ങളെന്തിനാണ്  മതില് കെട്ടുന്നതെന്ന് മനസിലായിട്ടില്ല. അയ്യപ്പ ജ്യോതിയിലും പങ്കെടുക്കാം മതിലിലും പങ്കെടുക്കാമെന്നാണ് ഇതിന്റെ സംഘാടക സമിതി പറഞ്ഞു നടക്കുന്നത്. അവര്‍ക്കും മനസിലായിട്ടില്ല ഈ മതില്‍ എന്തിന് വേണ്ടിയിട്ടാണെന്ന്. 

ശബരിമലയിലെ യുവതി പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഇവിടെയും മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീഴുകയാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയാണ് വനിതാ മതിലിന് നിമിത്തമായതെന്ന് അദ്ദേഹം ഇന്നലെ സമ്മതിച്ചതാണ്. അപ്പോള്‍ മതിലിന് ശബരിമലയുമായി ബന്ധമില്ല എന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണനും കടകംപള്ളി സുരേന്ദ്രനും എ.കെ. ബാലനും അടക്കമുള്ള മതിലിന്റെ സംഘാടക സമിതിയിലെ ചെയര്‍മാന്‍ അടക്കമുള്ളവര്‍ പറയുന്നത് എന്തുകൊണ്ടാണ്. ആരുപറയുന്നതാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത്. 

ശബരിമലയില്‍ സ്ത്രീകള്‍ കയറേണമോ വേണ്ടയോ എന്നത് മാത്രമല്ല പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ വനിതകള്‍ തന്നെ നേരിടുന്നതിന് വേണ്ടിയാണ് മതിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് മതില്‍ ആവശ്യമില്ല, കേരളത്തിലെ സര്‍ക്കാര്‍ വിചാരിച്ചാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഒരു പ്രയാസവുമില്ല. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് ", ചെന്നിത്തല ആരോപിച്ചു.. 

Content Highlights: Women Wall Opposition leader Ramesh Chennithala  Critics again CM Pinarayi Vijayan