ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് നിര്‍ബന്ധപൂര്‍വം തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെയാണ് കനത്ത സുരക്ഷയില്‍ പോലീസ് തിരിച്ചിറക്കിയത്.

sabarimala
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍(ഇടത്)),
പ്രതിഷേധക്കാര്‍(വലത്). ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍

പമ്പയിലേക്കാണ് ഇവരെ കൊണ്ടുവന്നത്. രണ്ടുവാഹനങ്ങളിലായി പമ്പയില്‍നിന്ന്  ഇവരെ മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരെയും പമ്പയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 

കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള എട്ടുപേരുടെ സംഘമാണ്‌ മല കയറാനെത്തിയത്. പുലര്‍ച്ചെ നാലുമണിയോടെ മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. നാലരയോടെ നീലിമലയിലെ വാട്ടര്‍ ടാങ്കിനു സമീപമെത്തിയപ്പോള്‍ ചിലര്‍ ശരണം വിളിച്ച് പ്രതിഷേധവുമായെത്തി.

sabarimala
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ്
തിരിച്ചിറക്കുന്നു.ഫോട്ടോ: കെ ആര്‍ പ്രഹ്ലാദന്‍
 

തുടക്കത്തില്‍ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കൂടുതലാളുകള്‍ എത്തി. അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രദീപ് കുമാറെത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും പിന്മാറാന്‍ ഇവര്‍ തയ്യാറായില്ല.

ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന നിലപാട് യുവതികളും സ്വീകരിച്ചു. ശരണം വിളിച്ച് പ്രതിഷേധിച്ച അഞ്ചുപേരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പ്രതിഷേധവുമായെത്തിയതോടെ യുവതികള്‍ക്ക് പോലീസ് സംരക്ഷണവലയം തീര്‍ത്തു. തുടര്‍ന്ന് മൂന്നരമണിക്കൂറിനു ശേഷം പോലീസ് യുവതികളെ ബലംപ്രയോഗിച്ച് തിരിച്ചിറക്കുകയായിരുന്നു.  മുണ്ടും ഷര്‍ട്ടും ധരിച്ച്, പെട്ടെന്ന് തിരിച്ചറിയാനാകാത്ത വേഷവിധാനത്തിലാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയത്.

sabarimala
യുവതീപ്രവേശത്തിനെതിരെ ആന്ധ്രയില്‍നിന്നെത്തിയവരുടെ പ്രതിഷേധം

Read more..രണ്ട് യുവതികള്‍ ശബരിമല കയറാനെത്തി; നീലിമലയില്‍ തടഞ്ഞു, പ്രതിഷേധം

 

content highlights: women sent beck from sabarimala darshan