തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം മാപ്പു പറയിപ്പിച്ചു. വിജയ് പി. നായരുടെ താമസസ്ഥലത്തെത്തിയ സംഘം ഇയാളുടെ മേൽ മഷി ഒഴിക്കുകയും ചെയ്തു. 

സമൂഹമാധ്യമത്തിൽ അപ്ലോഡ്‌ ചെയ്ത വീഡിയോയില്‍ മലയാള സിനിമയിലെ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കുറിച്ചും കേരളത്തിലെ സ്ത്രീപക്ഷവാദികളെ കുറിച്ചും മറ്റും വിജയ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു പ്രതിഷേധം. സ്ത്രീകളെ പുലഭ്യം പറയരുത് എന്ന് പറഞ്ഞായിരുന്നു ഇയാളുടെ ദേഹത്ത് സംഘം മഷി ഒഴിച്ചത്.

വിജയ് പി നായര്‍ മാപ്പ് പറയുന്ന വീഡിയോ കാണുക

പ്രതിഷേധത്തിനൊടുവില്‍ കേരളത്തിലെ സ്ത്രീകളോട് ഇയാള്‍ മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നു എന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ സ്ത്രീ സംഘം സംഭവസ്ഥലത്തുവെച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിക്കുന്നതും വീഡിയോയില്‍ കാണാം. 

ശ്രീലക്ഷ്മി അറക്കലും ദിയ സനയുമാണ്‌‌ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിജയ് പി. നായര്‍ക്കെതിരെയുളള പ്രതിഷേധം പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

Content Highlights: Women protest against Dr. Vijay P Nair