പമ്പ: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍. 

പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കും. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആറുമേഖലകളിലായി 3000 പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിട്ടുള്ളത്. യുവതികള്‍ ദര്‍ശനത്തിനുവന്നാല്‍ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല, എന്നാല്‍, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പോലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൊബൈല്‍ഫോണുകള്‍ നിരീക്ഷണത്തില്‍

സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച പോലീസ് അവരുടെ സൈബര്‍ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ തടയുകയാണ് ലക്ഷ്യം. വ്യാപാരകേന്ദ്രങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, അതിഥിമന്ദിരം, ഡോണര്‍ ഹൗസുകള്‍ എന്നിവിടങ്ങളില്‍ അനാവശ്യമായി ആരെയും തങ്ങാന്‍ അനുവദിക്കില്ല. പമ്പയിലെ ഓഫീസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതിഷേധക്കാര്‍ വാഹനങ്ങളിലെത്താതിരിക്കാനാണിത്.

പമ്പയിലും സന്നിധാനത്തും കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയല്‍ ക്യാമറകളും ശബരിമലയില്‍ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവരുടെ ചിത്രങ്ങള്‍ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കില്‍ കസ്റ്റഡിയിലെടുക്കും

ഇരുമുടിയില്ലാത്തവരെ പ്രത്യേകം പരിശോധിക്കും

ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാന്‍ അനുവദിക്കൂ. സംശയം തോന്നിയാല്‍ ഉദ്യോഗസ്ഥന് ആളെ വീണ്ടും പരിശോധിക്കാം. തീര്‍ഥാടകരുെട കൈവശം ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. അയ്യപ്പന്മാരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് പോലീസുകാര്‍ക്ക് നിര്‍ദേശമുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പമ്പയിലേക്കുള്ള നിയന്ത്രണം ഞായറാഴ്ച വൈകീട്ടോടെ പിന്‍വലിച്ചു. ദര്‍ശനത്തിനെത്തുന്നവരെ തിങ്കളാഴ്ച ഉച്ചയോടെ പമ്പയ്ക്ക് വിടും.