പമ്പ: പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് മരക്കൂട്ടത്തു വച്ച് യാത്ര അവസാനിപ്പിച്ചു. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവര്‍ യാത്ര അവസാനിപ്പിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ ജീവനക്കാരിയാണ് സുഹാസിനി.

വന്‍പ്രതിഷേധമാണ് മരക്കൂട്ടത്ത് ഉണ്ടായത്. സുഹാസിനിക്കു നേരെ അസഭ്യവര്‍ഷവുമുണ്ടായി.വിദേശപൗരനായ സുഹൃത്തും സുഹാസിനിക്കൊപ്പമുണ്ടായിരുന്നു.  തിരിച്ചിറങ്ങിയ സുഹാസിനിയെയും സുഹൃത്തിനെയും  പമ്പ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. 

അതേസമയം സുഹാസിനി തയ്യാറാണെങ്കില്‍ മുകളിലേക്ക് കയറാന്‍ സംരക്ഷണമൊരുക്കാന്‍  തയ്യാറാണെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാല്‍ വന്‍പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ യാത്ര തുടരേണ്ടെന്ന് തീരുമാനിച്ച് സുഹാസിനിയും സുഹൃത്തും തിരിച്ചിറങ്ങുകയായിരുന്നു. 

നേരത്തെ പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞിരുന്നു.  തുടര്‍ന്ന് സുഹാസിനി ഇവരെ തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. ​ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച റിപ്പോര്‍ട്ടിങ്ങിനെത്തിയ ദേശീയമാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.സ്ത്രീകളടക്കം എട്ടോളം മാധ്യമപ്രവര്‍ത്തകരെയാണ് ബുധനാഴ്ച പ്രതിധേഷക്കാര്‍ ആക്രമിച്ചത്.

content highlights: Women journalist entering sannidhanam