പമ്പ: ശബരിമലയില്‍ പ്രവേശിക്കാന്‍ വെള്ളിയാഴ്ച രാവിലെ എത്തിയത് രണ്ടു യുവതികള്‍. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും ഇരുമുടിക്കെട്ടേന്തി  മലയാളിയുവതി രഹ്ന ഫാത്തിമയും. ഇവര്‍ നടപ്പന്തലിലെത്തിയതോടെ അരങ്ങേറിയത് നാടകീയസംഭവ വികാസങ്ങള്‍.

കനത്ത പോലീസ് ബന്തവസ്സില്‍ യുവതികള്‍ നടപ്പന്തല്‍ വരെയെത്തിയെങ്കിലും ഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും പിന്തിരിയേണ്ടി വരികയായിരുന്നു.

ആന്ധ്രാ സ്വദേശിനിയായ കവിത മോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറാണ്. ജോലി സംബന്ധമായ ആവശ്യത്തിനാണ് താനെത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു.   

rahna fathima
സന്നിധാനത്തേക്ക് പോലീസ് സംരക്ഷണയില്‍
പുറപ്പെടുന്ന രഹ്ന ഫാത്തിമ. ഫോട്ടോ: ജി ശിവപ്രസാദ് 

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് തനിക്ക് ശബരിമലയില്‍ പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് പോലീസിനെ കവിത സമീപിച്ചത്. 

ഐ ജി ശ്രീജിത്ത് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ യുവതി തയ്യാറാണെങ്കിലും സുരക്ഷ നല്‍കാമെന്നും പോലീസ് അറിയിക്കുകയായിരുന്നു. 

kavitha
കവിത, Photo: ANI

യുവതികള്‍ക്ക് സംരക്ഷണമൊരുക്കിയത് നൂറ്റമ്പതോളം പോലീസുകാര്‍

നൂറ്റമ്പതോളം പോലീസുകാരാണ് യുവതികള്‍ക്ക് സംരക്ഷണ വലയം തീര്‍ത്തത്. ഹെല്‍മറ്റും ജാക്കറ്റും(riot gear) ധരിച്ചായിരുന്നു കവിതയുടെ യാത്ര. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു യുവതികളുമായി ശബരിമലയിലേക്ക് തിരിച്ചത്. ഇതിന്റെ ഭാഗമായി പമ്പയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഐ ജി ശ്രീജിത്ത് എത്തിയതിനു ശേഷമായിരുന്നു യാത്ര തിരിച്ചത്.

പ്രതിഷേധവുമായി ഭക്തര്‍

യുവതികള്‍ നടപ്പന്തലില്‍ എത്തിയതോടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരവിരുദ്ധമാണെന്ന വാദം ഉയര്‍ത്തി പ്രതിഷേധവുമായി നിരവധി ഭക്തര്‍ രംഗത്തെത്തി. ഐ ജി ശ്രീജിത്ത് ഭക്തരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു ഭക്തര്‍.

വിശ്വാസം തകര്‍ക്കാനില്ലെന്ന് ദേവസ്വംമന്ത്രി

സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത് ആക്ടിവിസ്റ്റുകളാണെന്നും അതിലൊരാള്‍ മാധ്യമപ്രവര്‍ത്തകയാണെന്നാണ് അറിയാന്‍ സാധിച്ചതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ സംഘര്‍ഷഭൂമിയാക്കില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചു. ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ ശബരിമലയെ കാണരുതെന്നും മന്ത്രി.

ക്ഷേത്രം അടച്ചിടാന്‍ ആലോചന

യുവതികള്‍ പതിനെട്ടാംപടി ചവിട്ടിയാല്‍ ക്ഷേത്രം അടച്ചിടണമെന്ന് ക്ഷേത്രം അടച്ചിടണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടതായി സൂചന. യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി എന്‍ നാരായണവര്‍മ തന്ത്രിയോട് ആവശ്യപ്പെട്ടു.

content highlights: Women entered nadappanthal sabarimala