കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എമ്മിന്റെയും പോലീസിന്റെയും ഒത്താശയോടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചെന്നും, മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച് വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹൂല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. 

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് അന്ന് പരിഹസിച്ചു. പക്ഷേ, ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി നട അടച്ചു. ശുദ്ധികലശം ഉള്‍പ്പെടെ നടത്തി ആവശ്യമുള്ള പരിഹാരക്രിയകളും നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് ഓര്‍മ്മിപ്പിച്ചാണ് തന്ത്രി നട അടച്ച് പരിഹാരക്രിയകള്‍ ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

'തന്ത്രി ശുദ്ധികലശം നടത്തി അതിനുള്ള പരിഹാരക്രിയ നടത്തി. അത് സ്വാഗതാര്‍ഹമായ കാര്യമാണ്. തന്ത്രിക്ക് നട അടയ്ക്കാന്‍ ആരുടെയും അനുവാദം വേണ്ട. ആചാരലംഘനമുണ്ടായാല്‍ നട അടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും. പ്രധാനമന്ത്രിയടക്കം ശബരിമല വിഷയത്തില്‍ കഴിഞ്ഞദിവസം അഭിപ്രായമറിയിച്ചിരുന്നു. ഇതിനിടെയാണ് യുവതികളെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതൊന്നും ജനുവരി 22-ന് നടക്കുന്ന കേസിനെ ബാധിക്കില്ലെന്നാണ് വിശ്വാസം. 

രാത്രിസമയത്ത് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് മലകയറ്റിയത്. സംശയം ചോദിച്ചവരോട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ദേവസ്വം ബോര്‍ഡ് സാവകാശഹര്‍ജി സമര്‍പ്പിച്ചത്. എന്നിട്ടും പോലീസും സര്‍ക്കാരും യുവതീപ്രവേശനത്തിന് ഒത്താശ ചെയ്തു. ഇതില്‍ ജനാധിപത്യമര്യാദ പാലിച്ച് പ്രതിഷേധം അറിയിക്കണം. കലാപത്തിലേക്ക് നീങ്ങരുത്. വിശ്വാസികള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ദേവസ്വംബോര്‍ഡ് സംസ്‌കാരം ഇനിയും വേണമോ എന്ന് ചിന്തിക്കണം'- രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. 

ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും എല്ലാവരും സഹകരിക്കണമെന്നും ശബരിമല കേസില്‍ വിശ്വാസികള്‍ വിജയിക്കുമെന്നാണ് വിശ്വാസമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

 

Content Highlights: women enter to sabarimala temple; rahul eswar's response through facebook live