മലപ്പുറം: എടപ്പാളില്‍ സ്ത്രീ ഭക്ഷണം കിട്ടാതെ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എടപ്പാള്‍ വടക്കത്ത് കുന്നത്ത് ശോഭന (50) യെയാണ് ഭക്ഷണം കിട്ടാതെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌

ഇവര്‍ മനോദൗര്‍ബല്യമുള്ള മകളോടൊപ്പം താമസിച്ച് വരികയായിരുന്നു. ഇന്ന്‌ രാവിലെ പഞ്ചായത്ത് മെമ്പര്‍ വീട് തുറന്ന്‌ നോക്കിയപ്പോഴാണ് മകളെ കെട്ടിപ്പിടിച്ച നിലയില്‍ ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ശോഭനയ്ക്കും മനോദൗര്‍ബല്യമുണ്ടായിരുന്നതായി പറയുന്നു.

പത്തു ദിവസത്തോളമായിരുന്നു ഇവര്‍ ഭക്ഷണം കഴിച്ചിട്ട്‌. ഇതു മൂലമാണ് മരണമെന്ന്‌ ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. അവശയായ നിലയില്‍ കാണപ്പെട്ട മകളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എടപ്പാളിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശോഭനക്ക് വന്‍തുക വിലമതിക്കുന്ന ഭൂസ്വത്തുകളും ബാങ്ക് ഡെപ്പോസിറ്റും  ഉണ്ടെന്നാണ്  ബന്ധുക്കളും നാട്ടുകാരും പറയുന്നത്‌. സാമുഹിക സുരക്ഷാ പെന്‍ഷന്‍ പണം കൊണ്ടാണ് ചെലവ് നടത്തിയിരുന്നത്. എന്നാല്‍ കുറച്ച് കാലമായി ഇതും കൈപ്പറ്റാറില്ല. അസുഖമുണ്ടായിരുന്നതിനാല്‍ ഭക്ഷണവും മറ്റും നല്‍കാന്‍ മകളല്ലാതെ ആരും ഇവരുടെ അടുത്തേക്ക് എത്താറില്ലെന്നാണ് അറിയുന്നത്.