കോഴിക്കോട്: ഇരിങ്ങല്‍ കൊളാവിയില്‍ യുവതിയ്ക്കുനേരെ  ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മണ്‍വെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിയ്ക്ക് തലയ്ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവം. യുവതിയുടെ പറമ്പിന് സമീപത്ത് റോഡ് വെട്ടാന്‍ വന്നവരാണ് ആക്രമിച്ചതെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ അനുമതിയില്ലാതെ പറമ്പിലൂടെ പുലര്‍ച്ചെ റോഡുവെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ലിഷയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പോലീസ് എത്തി ലിഷയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ലിഷയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുമെന്നും അതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Content Highlights: Women attacked in kozhikode